Listen live radio

പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാന്‍ സി വിജില്‍

after post image
0

- Advertisement -

 

ലോക്‌സഭ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് വഴി പരാതികള്‍ നല്‍കാം. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍, അനധികൃത പ്രചരണ സാമഗ്രികള്‍ പതിക്കല്‍ തുടങ്ങി പൊരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പരാതികള്‍ നല്‍കാം. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരൈ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാനാകും. ജി.ഐ.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ലൊക്കേഷന്‍ ലഭ്യമാകുന്നതുകൊണ്ടുതന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാന്‍ സാധിക്കും. പരാതി സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികള്‍ തുടങ്ങിയവ ഒഴിവാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയും അജ്ഞാതരെന്ന നിലയ്ക്കും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് വിവരം നല്‍കാം.ഫോട്ടോ/ വീഡിയോ/ഓഡിയോ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പരാതി സമര്‍പ്പിച്ചിരിക്കണം. ഫോണില്‍ നേരത്തെ സ്റ്റോര്‍ ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലില്‍ അപ്ലോഡ് ചെയ്യാനാവില്ല. പരാതികള്‍ ഉടന്‍തന്നെ നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ളയിംഗ് സ്‌ക്വാഡ്, ആന്റീ ഡിഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണം നടത്തുന്ന സ്‌ക്വാഡ് വരണാധികാരിക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയില്‍ സ്വീകരിച്ച തുടര്‍ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളില്‍ പരാതിക്കാരനെ അറിയിക്കും.

Leave A Reply

Your email address will not be published.