Listen live radio

സിദ്ധാര്‍ഥന്റെ മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഗവര്‍ണര്‍

after post image
0

- Advertisement -

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറുടെ അധികാരമുപയോഗിച്ചാണ് ഗവര്‍ണര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദാണ് കമ്മീഷന്‍.ബിവിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നു ദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു.

സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. പ്രതികളെ രക്ഷിക്കാന്‍ ഉന്നത ശ്രമം നടന്നതായും ജയപ്രകാശ് പറഞ്ഞു.

താന്‍ ചതിക്കപ്പെട്ടോയെന്ന് സംശയമുണ്ട്. എല്ലാവരും ഇതിനെതിരെ രംഗത്തുവന്നപ്പോള്‍ പെട്ടെന്ന് അതിന് തടയിടേണ്ട ആവശ്യം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. താന്‍ മണ്ടനായിപ്പോയി. തന്റെയും കുടുംബത്തിന്റെയും വായ അടച്ചുവച്ചു. എല്ലാ നടക്കുമെന്ന് താനും ധരിച്ചു. ഒരാഴ്ച അവര്‍ക്ക് മതിയായിരുന്നു. അതിനിടെ തെളിവുകള്‍ എല്ലാം നശിപ്പിച്ചെന്നും ജയപ്രകാശ് പറഞ്ഞു.

ഇനി മുഖ്യമന്ത്രിയെ കാണുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. അദ്ദേഹം നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ചാണ് അന്ന് താന്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്. അതിനുശേഷം ഇതുവരെയും ഒന്നും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും അവിടേക്ക് പോകില്ലെന്ന് പറയുന്നില്ല. പക്ഷേ, അവിടേക്കു പോകുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല. അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിനു മുന്നില്‍ സമരമിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.