തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ മത്സരിക്കുന്നവരുടെ അന്തിമ ചിത്രം ഇന്നു തെളിയും. ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നാമനിർദേശ പിൻവലിക്കാം. മത്സരിക്കുന്നവരുടെ പട്ടിക അതതു റിട്ടേണിങ് ഓഫിസർമാർ ഇന്നു പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാല ക്രമത്തിലാണ് സ്ഥാനാർഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. പേര്, വിലാസം, ചിഹ്നം എന്നിവയാണ് ഈ പട്ടികയിൽ ഉണ്ടാകുക. അതതു റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ ഓഫിസിലും പട്ടിക പരസ്യപ്പെടുത്തും. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട പുതിയ കണക്ക് അനുസരിച്ച് സൂക്ഷ്മ പരിശോധനയിൽ 2479 പത്രികകൾ തള്ളിയ ശേഷം മത്സര രംഗത്ത് ഉള്ളത് 1,07, 721 പേരാണ്.














