ആലപ്പുഴ∙ കൈനകരിയിൽ ആറു മാസം ഗർഭിണിയായിരുന്ന അനിതയെ ആറ്റിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ. ആലപ്പുഴ അഡീഷനൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കേസിൽ നാലുവർഷത്തിനു ശേഷമാണ് വിധി വരുന്നത്. രണ്ടാം പ്രതി കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനി (38) ഒഡിഷയിലെ റായ്ഘട്ട് ജയിലിലാണ്. രജനിയെ പ്രൊഡക്‌ഷൻ വാറന്റ് വഴി 29നു ഹാജരാക്കണമെന്നാണു കോടതി ഉത്തരവ്. അതിനു ശേഷം രജനിയുടെ ശിക്ഷ പറയും. ജാമ്യത്തിലായിരുന്ന രജനി ഒഡിഷയിൽ എൻഡിപിഎസ് കേസിലാണു ജയിലിലായത്.
ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയപ്പോൾ ആണ് പ്രബീഷ് അനിതയുമായി പരിചയത്തിലായത്. ഭർത്താവുമായി പ്രശ്നമുണ്ടായതിനെത്തുടർന്ന് ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. അനിത ആ സമയത്തു പാലക്കാട്ട് ജോലി ചെയ്യുകയായിരുന്നു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അനിതയുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ മറ്റൊരു കാമുകിയായ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. ഇത് രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്.
കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അനിതയെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. രജനിയുടെ വീട്ടിൽ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്.
വീടിനു സമീപത്തെ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങിയത്. വെള്ളത്തിൽ വീണശേഷമാണ് അനിത മരിച്ചത്.













