തൃശൂർ∙ മുണ്ടൂർ ശങ്കരംകണ്ടത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മകളും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മകൾ സന്ധ്യയെയും കാമുകൻ നിധിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണിയുടെ (77) മരണമാണ് മകളും കാമുകനും ചേർന്നു നടത്തിയ കൊലപാതകമാണെന്നു കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് വീടിനു സമീപത്ത് റോഡരികിൽ തങ്കമണിയെ മരിച്ച നിലയിൽ കണ്ടത്തിയത്.
സംഭവത്തിൽ മകൾ സന്ധ്യ (45), കാമുകനും അയൽവാസിയുമായ ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ പിടിച്ച് തള്ളിയപ്പോൾ വീണതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.














