Kerala

നടിയെ ആക്രമിച്ച കേസ്: ‍ഡിസംബർ 8ന് വിധി പറയും, കേസിൽ നടൻ ദിലീപ് എട്ടാം പ്രതി

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ‍ഡിസംബർ 8ന് വിധി പറയും. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. നടിയെ പീഡിപ്പിച്ച കേസി‍ൽ ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി) അടക്കം ഒൻപത് പ്രതികളാണു വിചാരണ നേരിട്ടത്. കേസിൽ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി ഹണി എം.വർഗീസാണു സാക്ഷി വിസ്താരം പൂർത്തിയാക്കിയത്.

2017 ഫെബ്രുവരി 17നാണ് ഷൂട്ടിങ്ങിനു ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആണ് കേസ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക. 2019 ലാണു കേസിൽ വിചാരണ നടപടി തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു.

2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയുമായിരുന്നു. കേസിൽ 2017 ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് ഒക്ടോബറിലാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ആദ്യം ഏഴു പ്രതികളുണ്ടായിരുന്ന കേസിൽ പിന്നീട് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഏപ്രിലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.