മലപ്പുറം∙ വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ബൂത്ത് ലെവൽ ഓഫിസറെ സ്ഥാനത്തു നിന്നു മാറ്റി. തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒയെ ആണ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ചുമതലയിൽ നിന്ന് നീക്കിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകി.
കഴിഞ്ഞ ദിവസമാണ് എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ ഉടുമുണ്ട് പൊക്കി കാണിച്ച് അപമര്യാദയായി പെരുമാറിയത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. നാട്ടുകാരുമായുള്ള വാക്കേറ്റത്തിനിടെ കാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽ കുപിതനായ ബിഎൽഒ മുണ്ട് പൊക്കിക്കാട്ടുകയായിരുന്നു.FAQ1. ആരാണ് ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ)?വോട്ടർപട്ടികയിൽ പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ വരുത്തൽ എന്നിവയ്ക്കു സഹായിക്കുന്ന ബൂത്ത് തല ഉദ്യോഗസ്ഥൻ.2. ബിഎൽഒ ആകാനുള്ള പ്രധാന യോഗ്യതകൾ എന്താണ്?ബൂത്ത് പരിധിയിലെ താമസക്കാരനും വോട്ടറുമാകണം. രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം പാടില്ല. ജോലി അവശ്യ–സുരക്ഷാ സർവീസിലാകരുത്.3. ആരെല്ലാം ബിഎൽഒമാരായി നിയോഗിക്കപ്പെടാം?തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിലെ ഗ്രൂപ്പ് സി ജീവനക്കാർ. കരാർ അടിസ്ഥാനത്തിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന അധ്യാപകർ, അങ്കണവാടി ജീവനക്കാർ, വില്ലേജ് ഓഫിസുകളിലെ ജീവനക്കാർ, നഗരപ്രദേശങ്ങളിൽ ക്ലാർക്കുമാർ എന്നിവരെയും നിയമിക്കാം.4. പ്രധാന ചുമതലകൾ എന്തൊക്കെയാണ്?വോട്ടർപട്ടികയിലേക്കുള്ള അപേക്ഷകളും പരാതികളും ഫോട്ടോയും രേഖകളും മൊബൈൽ നമ്പറും സ്വീകരിക്കുക, പട്ടിക ശുദ്ധീകരണത്തിനായി ഗൃഹസന്ദർശനം നടത്തുക, താമസം മാറിയവരും മരിച്ചവരുമായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക, ഇആർഒമാർക്ക് റിപ്പോർട്ട് നൽകുക, കരടു പട്ടിക നിശ്ചിത സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബോധവൽക്കരണവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുക, തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർസ്ലിപ് വിതരണം നടത്തുക.














