Kerala

ചിക്കൻ കഴുകുന്നത് യൂറോപ്യൻ ക്ലോസറ്റിൽ; ലൈസൻസില്ല, ഹോട്ടലിൽ കടുത്ത ദുർഗന്ധം; നടപടിയുമായി നഗരസഭ‌‌

പത്തനംതിട്ട ∙ വൃത്തിഹീനമായ സാഹചര്യത്തിൽ അതിഥിത്തൊഴിലാളികൾ‍ ലൈസൻസില്ലാതെ നടത്തിവന്ന ഹോട്ടലുകളിൽ നിന്നു പിഴയീടാക്കാൻ നോട്ടിസ് നൽകി നഗരസഭാ ആരോഗ്യവിഭാഗം. പന്തളം കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡരികിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ ഹോട്ടലുകൾക്കാണ് 10,000 രൂപ വീതം പിഴ. ഒന്നര ആഴ്ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിരുന്നത്. തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്മിര ഖാത്തുൻ, എസ്.കെ.സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് ഹോട്ടൽ നടത്തിവന്നത്.

ശുചിമുറിയിൽ യുറോപ്യൻ ക്ലോസറ്റിൽ വച്ച് അരിപ്പയുപയോഗിച്ചു ചിക്കൻ കഴുകുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി. മുഷിഞ്ഞ കർട്ടനിട്ടു മറച്ച ഭാഗത്താണ് പാചകം. ഇവിടെയും ഭക്ഷണം വിളമ്പുന്ന ഭാഗവും വൃത്തിഹീനം. ഹോട്ടലിലേക്കു കയറുമ്പോൾ തന്നെ കടുത്ത ദുർഗന്ധമാണെന്ന് അധികൃതർ പറഞ്ഞു. പഴകിയ ചിക്കൻ ഉൾപ്പെടെ പിടിച്ചെടുത്തു. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എസ്.എൽ.സോൺ സുന്ദർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത എസ്.പിള്ള, അമൽ പി.നായർ എന്നിവരും എസ്ഐ ആർ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും നേതൃത്വം നൽകി. മെഡിക്കൽ ഓഫിസർ ഡോ.ആർ.ഹരികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം എന്നിവരുമെത്തി.

∙ ഗുരുതര സ്ഥിതിയെന്ന് അധികൃതർ‍മാലിന്യം നിറഞ്ഞും കെട്ടിടത്തിന്റെ സുരക്ഷയില്ലാത്തതും കാരണം രണ്ട് കെട്ടിടങ്ങളിലും ഗുരുതര സ്ഥിതിയാണെന്ന് അധികൃതർ‍ പറഞ്ഞു. കെട്ടിടത്തിന്റെ വരാന്തകളും മുറികളും പരിസരവുമെല്ലാം വൃത്തിഹീനമാണ്. ശുചിമുറികളും മലിനമാണ്. കെട്ടിടത്തിന്റെ പിൻഭാഗത്തേക്കാണ് മാലിന്യവും മലിനജലവും തള്ളുന്നത്. ഇത് ഇടുങ്ങിയ തോട്ടിലൂടെ സമീപത്തെ പുഞ്ചയിലേക്കാണ് ഒഴുകിയെത്തുന്നത്. ഒരു സുരക്ഷാക്രമീകരണവുമില്ലാതെയാണ് പത്തോളം വാണിജ്യ ഗ്യാസ് സിലിണ്ടറുകളും സൂക്ഷിച്ചിട്ടുള്ളത്. കൊച്ചുകുട്ടികളും സ്ത്രീകളുമടക്കമാണ് ഇവിടെ താമസം. ഒരു തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ കെട്ടിടങ്ങളെന്നും ബന്ധപ്പെട്ട നിയമപ്രകാരം കെട്ടിട ഉടമകൾക്കെതിരെ കേസെടുത്തെന്നും അധികൃതർ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.