കേച്ചേരി ∙ മുണ്ടൂർ ശങ്കരംകണ്ടം അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണിയെ(77) റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവായത് കഴുത്തിലെ എല്ലുകൾ പൊട്ടിയതായി കണ്ടെത്തിയത്. അമ്മ വഴിയിൽ വീണു കിടക്കുകയായിരുന്നു എന്നാണ് മകൾ പൊലീസിനോട് പറഞ്ഞത്. അന്വേഷണത്തിൽ ക്രൂരമായ കൊലപാതകം തെളിഞ്ഞു.
വയോധികയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മകൾ സന്ധ്യ (45), സന്ധ്യയുടെ കാമുകനും അയൽവാസിയുമായ ശങ്കരംകണ്ടം ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരെ അറസ്റ്റ് ചെയ്തു. തങ്കമണിയുടെ സ്വർണം പണയം വച്ചതും കേസിൽ നിർണായകമായി.
അമ്മയോടൊപ്പം ശങ്കരംകണ്ടത്തെ വീട്ടിലാണ് സന്ധ്യയും ഭർത്താവും രണ്ട് മക്കളുമടങ്ങിയ കുടുംബം കഴിയുന്നത്. ശനിയാഴ്ച വൈകിട്ട് 4.30ന് വീട്ടിൽ തങ്കമണിയും സന്ധ്യയും തമ്മിൽ വഴക്കിട്ടതിനെത്തുടർന്ന് സന്ധ്യ അമ്മയെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.
നിലത്തുകിടന്ന അമ്മയെ സന്ധ്യ തന്നെയാണ് കട്ടിലിലേക്ക് എടുത്തുകിടത്തിയത്. പിന്നീട് നിതിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേർന്നു തങ്കമണിയെ അവരുടെ മുറിയിലേക്ക് മാറ്റിക്കിടത്തുകയും ചെയ്തു. തങ്കമണിയുടെ മാല പൊട്ടിച്ചെടുത്ത് അതിന്റെ പകുതി സന്ധ്യ നിതിന് പണയം വയ്ക്കാൻ നൽകി.
സംഭവത്തിനു ശേഷം സന്ധ്യ വൈകിട്ട് ജിമ്മിൽ പോയി രാത്രിയോടെ വീട്ടിൽ തിരിച്ച് എത്തി. ഇതിനിടയിൽ നിതിൻ മുണ്ടൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണം പണയം വച്ച് തിരിച്ചെത്തി. ഇരുവരും ചേർന്ന് രാത്രി ഏറെ വൈകി തങ്കമണിയുടെ മൃതദേഹം വീടിനു പിറകിലൂടെ പറമ്പിലേക്കുള്ള വഴിയിൽ കൊണ്ടുവന്നിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.ഞായറാഴ്ച രാവിലെ 6ന് നിതിൻ തന്നെ നാട്ടുകാരെ വിളിച്ച് തങ്കമണിയുടെ മൃതദേഹം പറമ്പിലെ വഴിയിൽ കിടക്കുന്ന വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തങ്കമണിയുടെ കഴുത്തിലെ രണ്ട് എല്ലുകൾ പൊട്ടിയതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്. പ്രതികൾ ഇരുവരും മൂന്നര വർഷമായി പ്രണയത്തിലാണെന്നു പൊലീസ് പറയുന്നു.
ഇരുപ്രതികളെയും സംഭവ സ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തുകയും നിതിൻ സ്വർണം പണയം വച്ച മുണ്ടൂരിലെ സ്ഥാപനത്തിൽ നിന്നു സ്വർണം വീണ്ടെടുക്കുകയും ചെയ്തു.പ്രതികളെ റിമാൻഡ് ചെയ്തു. പേരാമംഗലം എസ്എച്ച്ഒ കെ.സി. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.














