Listen live radio

ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ യുവ ഡോക്ടര്‍ മൂന്നാം നിലയില്‍ നിന്നും ചാടി മരിച്ചു

after post image
0

- Advertisement -

ചെന്നൈ: ഓരോ ദിവസം കൂടും തോറും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുമ്പോള്‍ കോവിഡില്‍ ഏറ്റവും പ്രതിസന്ധി അനുഭവിക്കുന്നവരാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. രോഗവ്യാപനം രൂക്ഷമായി മാറിയിരിക്കുന്ന തമിഴ്‌നാട്ടില്‍ ശാരീരിക മാനസീക സമ്മര്‍ദ്ദം താങ്ങാനാകാതെ യുവ ഡോക്ടര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ നിന്നും താഴേയ്ക്ക് ചാടി മരിച്ചു.
ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ കോവിഡ് വിഭാഗത്തില്‍ ചികിത്സ നടത്തിയിരുന്ന 24 വയസ്സുള്ള കണ്ണന്‍ എന്ന ഡോക്ടറാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി മരിച്ചത്. ജൂണില്‍ ഗവണ്‍മെന്റ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലിക്കായി ചേര്‍ന്ന കണ്ണന്‍ ആത്മഹത്യ ചെയ്ത തിങ്കളാഴ്ച 1.30 വരെ രോഗികളെ നോക്കിയിരുന്നതായിട്ടാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. തുടര്‍ന്ന് മെന്‍സ് ഹോസ്റ്റലിലെ മൂന്നാം നിലയില്‍ നിന്നും ചാടുകയായിരുന്നു. പി ജി വിദ്യാര്‍ത്ഥിയായിരുന്ന കണ്ണന്‍ ഓര്‍ത്തോപീഡിക്‌സിലാണ് ജോലി ചെയ്തിരുന്നത്.
തിരുപ്പൂര്‍ ജില്ലയിലെ ഉദുമല്‍പേട്ട് സ്വദേശിയാണ് കണ്ണന്‍. തഞ്ചാവൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠിച്ചിറങ്ങിയ കണ്ണന്‍ ചെന്നൈയില്‍ എത്തിയത് ജൂണിലായിരുന്നു. കോവിഡ് 19 രോഗികളെ പരിചരിക്കുന്ന വിഭാഗത്തിലായിരുന്നു ജോലി ചെയ്തത്. ജോലിയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തിങ്കളാഴ്ച 1.30 വരെ രോഗികളെ നോക്കിയ ശേഷം കണ്ണന്‍ ഹോസ്റ്റലിലേക്ക് തിരിച്ചുപോയിരുന്നു. നാലു മണിയോടെ തറയില്‍ കിടക്കുന്ന നിലയില്‍ ഇയാളെ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ഇവര്‍ പോലീസുമായി ബന്ധപ്പെട്ടത് അനുസരിച്ച്‌ എല്ലാവരും ഓടിയെത്തുകയും ആയിരുന്നു.
മൂന്നാം നിലയിലാണ് കണ്ണന്‍ താമസിച്ചിരുന്നത്. ഇയാള്‍ ഇവിടെ നിന്നും ചാടിയതായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷം വീട്ടുകാര്‍ക്ക് കൈമാറി. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. സമ്മര്‍ദ്ദം താങ്ങാനാകാതെ കണ്ണന്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്ന വിഷയത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Leave A Reply

Your email address will not be published.