മുംബൈ ∙ ഡേറ്റിങ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവരെ ആഡംബര ഹോട്ടലുകളിൽ എത്തിച്ചു പണം തട്ടുന്ന സംഘത്തിലെ 10 പേർ അറസ്റ്റിലായി. മറ്റു 3 പേർക്കെതിരെ കേസെടുത്തു. സാക്കിനാക്കയിലെ ബാർ ഹോട്ടലായ ഹെവൻ ടെറസ് 72 കേന്ദ്രീകരിച്ചു നടത്തിയ തട്ടിപ്പിലാണു നടപടി.ഹോട്ടലിലെ ജീവനക്കാരും ബൗൺസേഴ്സും സ്ത്രീകളും സംഘത്തിൽ ഉൾപ്പെടുന്നു. രഹസ്യ ക്യാമറ ഓപ്പറേഷനിലൂടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഹോട്ടൽ കേന്ദ്രീകരിച്ചു തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞു ഖാർ സ്വദേശിയായ യുവാവിനെ ഉപയോഗിച്ചു തട്ടിപ്പുകാരെ കുടുക്കുകയായിരുന്നു.
ടിൻഡർ, 3 ഫൺ, ബംപിൾ തുടങ്ങി ആപ്പുകളിലൂടെ സംഘത്തിലെ സ്ത്രീകൾ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് റെസ്റ്റോ ബാറിലെത്തിച്ചു വില കൂടിയ ഭക്ഷണവും മദ്യവും കഴിച്ച ശേഷം ബിൽ വരുന്നതിനു തൊട്ട് മുൻപു മുങ്ങും. 15,000 രൂപ മുതൽ 40,000 രൂപ വരെയാണു പലപ്പോഴും ബില്ലായി വരുന്നത്. യഥാർഥ ബിൽത്തുകയുടെ മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്. ഹോട്ടൽ അധികൃതരുമായി ചേർന്ന് ഇത്തരത്തിൽ പലരിൽ നിന്നായി വൻതുക തട്ടിയെടുക്കുകയാണു സംഘത്തിന്റെ രീതി.ഖാർ സ്വദേശിയായ യുവാവിനെ ബാറിലെത്തിച്ച ശേഷം വില കൂടിയ പ്രീമിയം മദ്യവും വിഭവങ്ങളും ഓർഡർ ചെയ്യുകയുമായിരുന്നു. ക്ഷണിച്ചുവരുത്തിയ യുവതി മുങ്ങാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി പിടികൂടി. തുടർന്നു ചോദ്യം ചെയ്തതോടെ മറ്റുള്ളവരെക്കുറിച്ചും വിവരം നൽകുകയായിരുന്നു.
പിന്നിൽ വലിയ സംഘം സമാനരീതിയിൽ നഗരത്തിൽ തട്ടിപ്പു നടത്തുന്ന സംഘമുണ്ടെന്നും ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകി. യുവാക്കളെ വലവീശി പിടിച്ച് എത്തിക്കുന്ന യുവതികൾക്കു കമ്മിഷനാണ് ഹോട്ടലുകൾ നൽകുന്നത്. മലാഡ്, കാന്തിവ്‌ലി, ബോറിവ്‌ലി, സാക്കിനാക്ക, മീരാഭയന്ദർ, താനെ, നവിമുംബൈ മേഖലകളിൽ സമാന തട്ടിപ്പുകളുണ്ട്.














