Kerala

ഒന്നര വർഷം ക്രൂര പീഡനം; മരിക്കുന്നതിന്റെ തലേദിവസവും ‌പീഡിപ്പിച്ചു

കൊച്ചി∙ ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പിതാവിന്റെ സഹോദരനിൽനിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു വിവരം. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കി. മരിക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായി. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോർട്ടുകളുണ്ട്. ശാസ്ത്രീയ തെളിവുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുക. സംരക്ഷിക്കേണ്ട അടുത്ത ബന്ധു തന്നെ ഇത്തരത്തിൽ പീഡിപ്പിച്ചതിന് ബിഎൻഎസിലെ വകുപ്പുകളും ബാലാവകാശ നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയാകും ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുക. അമ്മ നൽകിയ നിർണായക വിവരമാണു പിതൃസഹോദരനിലേക്ക് അന്വേഷകരെ എത്തിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അങ്കണവാടിയിൽനിന്നു കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ അമ്മ വൈകിട്ട് ആറരയോടെയാണ് ചാലക്കുടിപ്പുഴയിലേക്ക് കുട്ടിയെ എറിയുന്നത്. പിറ്റേന്ന് പുലർച്ചെ 2.20ന് മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റ്‍മോർട്ടത്തിനു ശേഷമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന സംശയം എറണാകുളം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോൺ കുട്ടി പീഡിപ്പിക്കപ്പെട്ടതായ സംശയം പൊലീസിനെ അറിയിക്കുന്നത്. ഈ സമയത്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയിരുന്ന അമ്മയെ തിരികെ കൊണ്ടുവന്ന് എറണാകുളം റൂറൽ എസ്പി‌ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണു പീഡനത്തെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചത്. ഭർത്താവിന്റെ സഹോദരങ്ങളുമായാണു കുട്ടി കൂടുതൽ അടുപ്പം പുലർത്തിയിരുന്നത് എന്നായിരുന്നു അമ്മ പറഞ്ഞത്. തുടർന്ന് ചെങ്ങമനാട് പൊലീസ് ഇക്കാര്യം പുത്തൻകുരിശ് പൊലീസിനെ അറിയിച്ചു.

തുടർന്നാണ് പുത്തൻകുരിശ് പൊലീസ് പിതൃസഹോദരൻ ഉൾ‍പ്പെടെ അടുത്ത ബന്ധുക്കളായ മൂന്നുപേരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ മൂന്നുപേരെയും വിട്ടയച്ചു. പിറ്റേന്നു രാവിലെ അവരെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനൊടുവിൽ രണ്ടു പേരെ വിട്ടയച്ചു. ഇപ്പോൾ അറസ്റ്റിലായ മൂന്നാമനാണു കുട്ടിയെ പീഡിപ്പിച്ചത് എന്നതിൽ അപ്പോഴേക്കും പൊലീസിന് കൂടുതൽ വ്യക്തത ലഭിച്ചിരുന്നു. എന്നാൽ ഇയാൾ ആദ്യ ഘട്ടത്തിൽ കുറ്റം സമ്മതിക്കാൻ തയാറായില്ല. ഇതിനിടെ, ഇയാളുടെ ഫോൺ അടക്കം പരിശോധിച്ച പൊലീസ് ഇയാൾ ലൈംഗികവൈകൃതം ഉള്ളയാളാണെന്നു മനസ്സിലാക്കി. പിന്നീട് രാത്രി വരെ നീണ്ട ചോദ്യം ചെയ്യലിലാണു പ്രതി കുറ്റസമ്മതിച്ചത്. ഒന്നര വർഷത്തോളമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് ഇയാൾ പൊലീസിനോടു സമ്മതിച്ചിരിക്കുന്നത്. സ്വന്തം വീട്ടിൽ വച്ച് കുട്ടി നിരവധിത്തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്.

കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യം മൂലം കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു ഇവരുടെ കുടുംബാന്തരീക്ഷം. ഇതു പ്രതി മുതലെടുക്കുകയായിരുന്നു എന്നാണു വിവരം. മാതാപിതാക്കൾ തമ്മിലുള്ള വഴക്കുമൂലം അമ്മ ഇടയ്ക്ക് സ്വന്തം വീട്ടിലേക്കും പോയിരുന്നു. അമ്മയുടെ മാനസികാസ്വാസ്ഥ്യത്തെ കുറിച്ചുള്ള വഴക്കുകളും വീട്ടിൽ പതിവായിരുന്നു. എന്നാൽ ഭാര്യക്കു മാനസികാസ്വാസ്ഥ്യമില്ല എന്നാണ് ഭർത്താവ് തുടക്കം മുതൽ പറയുന്നത്. ഇടയ്ക്കു സംശയം തോന്നി ആശുപത്രിയിൽ ചികിത്സിപ്പിച്ചിരുന്നു എന്നും ഇയാൾ പറഞ്ഞിരുന്നു. വഴക്കുണ്ടാകുമ്പോൾ ഭർത്താവ് മർദിച്ചിരുന്നു എന്നാണ് യുവതിയുടെ അമ്മ പറഞ്ഞത്.ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ കൂടി കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കൊലപാതകത്തിലേക്കു നയിച്ചതിൽ, കുട്ടി ഏൽക്കേണ്ടി വന്ന പീഡനത്തിന് എത്രത്തോളം പങ്കുണ്ടെന്നതും വ്യക്തമാകും. കുട്ടി പീഡിപ്പിക്കപ്പെട്ട വീട്ടിൽ ഫൊറൻസിക് സംഘം ഇപ്പോൾ പരിശോധന നടത്തുന്നുണ്ട്. ഇതിനും ശേഷമായിരിക്കും പിതൃസഹോദരനെ കോടതിയിൽ ഹാജരാക്കുക.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.