കൊച്ചി ∙ ചങ്ങനാശേരിക്കു സമീപം തെങ്ങണയിൽ നോർത്ത് പറവൂർ പൊലീസ് കാർ തടഞ്ഞ് പിടികൂടിയത് പറവൂർ നന്ത്യാട്ടുകുന്നത്ത് വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞ ശേഷം രക്ഷപെട്ട യുവതി ഉൾപ്പെടെയുള്ള സംഘത്തെ. ഇവർ വാടക വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിയുകയും താമസക്കാരിലൊരാളായ യുവതിയെ ബിയർ ബോട്ടിലിനിടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തെങ്ങണ ജംക്‌ഷനിൽ വച്ചാണ് നോർത്ത് പൊലീസ് കാർ തടഞ്ഞ് യുവതിയെയും 3 യുവാക്കളെയും അറസ്റ്റ് ചെയ്തത്.
പൊലീസ് ജീപ്പ് കുറുകെയിട്ട് കാർ തടഞ്ഞതോടെ രണ്ടുപേർ ഇറങ്ങിയോടി. ഒരാൾ കത്തിയെടുത്തു വീശിയെങ്കിലും പൊലീസ് കീഴടക്കി. പിന്നീട് ഓടി രക്ഷപെട്ടവരെയും പിടികൂടി. നന്ത്യാട്ടുകുന്നത്തെ സംഘർഷത്തിനു ശേഷം രക്ഷപെട്ട ഇവരെ പിന്തുടർന്ന് പൊലീസ് തെങ്ങണയിലെത്തുകയായിരുന്നു. കോഴിക്കോട് കക്കാട് പുതുപ്പാടി കല്ലിങ്കൽ ഋഷലി (24), കടവന്ത്ര വാഴപ്പറമ്പിൽ അലൻ (23), പറവൂർ താന്നിപ്പാടം കമ്പിവേലിക്കകം തട്ടകത്ത് മിഥുൻ (മിഥുൻ ശാന്തി 29), തൃപ്പൂണിത്തുറ തെക്കുംഭാഗം കൊച്ചുപടന്നയിൽ സിറാജ് (അമ്പാടി 19) എന്നിവരാണ് പിടിയിലായത്.
നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ഞായറാഴ്ച രാത്രി കാറിലെത്തിയ അക്രമിസംഘം വീട്ടിലേക്ക് സ്ഫോടകവസ്തുക്കൾ എറിയുകയായിരുന്നു. ഇതിലൊന്ന് പൊട്ടി പുക ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കടന്ന സംഘം രാത്രി 12 മണിയോടെ വീണ്ടും സ്ഥലത്തെത്തി വീട്ടിലുള്ളവരുമായി തർക്കമായി. ഇതിനിടെ വീണ്ടും സ്ഫോടക വസ്തു എറിഞ്ഞെങ്കിലും പൊട്ടിയില്ല. ഇതിനിടെ വീട്ടിലെ താമസക്കാരിൽ ഒരാളായ റോഷ്നിയെ (25) ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും മർദിക്കുകയുമായിരുന്നു.
തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ എ.എൻ.വിജിനും റോഷ്നിയും മറ്റ് രണ്ട് സ്ത്രീകളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. രണ്ടുമാസം മുമ്പ് ദമ്പതിമാരെന്നു പരിചയപ്പെടുത്തിയാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്. ഒരാഴ്ചയ്ക്കു ശേഷം ഒന്നിലേറെ യുവതികൾ കൂടി വീട്ടിൽ താമസിക്കാൻ എത്തി. വീടിനകത്തുളളവർ തമ്മിൽ വഴക്കും ബഹളവും പതിവായതോടെ സമീപവാസികൾ ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാരുമായും ഇവർ ശത്രുതയിലായി. വളർത്തുനായയെ അഴിച്ചു വിട്ടിരുന്നതിനാൽ ആരും ഇവിടേക്ക് ചെന്നിരുന്നില്ല. ഏതാനും ദിവസം മുൻപ് നന്ത്യട്ടുകുന്നം പരിസരത്ത് വച്ച് ഇതേ സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. അന്നത്തെ ഏറ്റുമുട്ടലിൽ സമീപത്തെ വീടുകളുടെ മതിലിലെ ലൈറ്റുകളും മറ്റും തകർന്നിരുന്നു. ഫെബ്രുവരിയിൽ പാലാരിവട്ടം സംസ്കാര ജംക്ഷനിൽ പൊലീസുമായി വാക്കുതർക്കമുണ്ടാക്കുകയും പൊലീസ് ജീപ്പ് ആക്രമിക്കുകയും ചെയ്യുന്ന ഋഷലിയുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.














