സൂറത്ത്∙ ഹെൽമറ്റ് ധരിക്കാതെ അമിതവേഗതയിൽ ബൈക്കോടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവ വ്ലോഗർക്ക് ദാരുണാന്ത്യം. ‘പികെആർ ബ്ലോഗർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് തല വേർപ്പെട്ട നിലയിലാണ് പ്രിൻസിന്റെ ശരീരം കണ്ടെത്തിയത്.
സൂറത്തിലെ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ മണിക്കൂറിൽ 140 കി.മീ വേഗത്തിൽ പ്രിൻസ് ബൈക്ക് ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അപകടം. ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ വീഴുകയായിരുന്നു. വീണിടത്തു നിന്ന് 100 മീറ്ററോളം നിരങ്ങി മുന്നോട്ടുപോയാണ് ബൈക്ക് നിന്നത്. റോഡിൽ ഉരുണ്ട് മുന്നോട്ടുപോയ പ്രിൻസിന്റെ തല ഉടലിൽ നിന്നു വേർപ്പെട്ടു. ഹെൽമറ്റ് ധരിക്കാത്തത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു.
ഇൻസ്റ്റഗ്രാം വിഡിയോകളിലൂടെ ചെറുപ്പക്കാർക്കിടയിൽ ഏറെ സ്വാധീനമുള്ളയാളാണ് പ്രിൻസ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വാങ്ങിയതാണ് ബൈക്ക്. പ്രിൻസിന്റെ അമ്മ പാൽ വിറ്റാണ് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തന്റെ പ്രിയപ്പെട്ട ബൈക്കിന് പ്രിൻസ് ‘ലൈല’ എന്നു പേരിട്ടിരുന്നു. ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന നിരവധി റീലുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.














