Listen live radio

രാമരാജ്യം വാ​ഗ്ദാനം ചെയ്തു, പക്ഷെ നല്‍കിയത് ​ഗുണ്ടാരാജ്; യോ​ഗിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ​

after post image
0

- Advertisement -

ഡല്‍​ഹി: യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍​ഗാന്ധി. ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. ഉത്തര്‍പ്രദേശില്‍ ​ഗുണ്ടാരാജാണ് നടക്കുന്നത്. രാമരാജ്യമാണ് യോ​ഗി ആ​ദിത്യനാഥ് സര്‍ക്കാര്‍ വാ​ഗ്ദാനം ചെയ്തത്, എന്നാല്‍ നല്‍കിയത് ​ഗുണ്ടാരാജാണ് എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ഗാസിയാബാദിലെ വിജയ്‌നഗറില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിക്രം ജോഷി. ഇതിനിടെ കാറിലെത്തിയ സംഘം ഇവരെ തടഞ്ഞു. തുടര്‍ന്ന് വാഹനം മറിച്ചിട്ട ആക്രമി സംഘം വിക്രമിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് കാറിനോട് ചേര്‍ത്ത് വച്ച്‌ തലയ്ക്ക് വെടിവച്ചു. നടുറോഡില്‍ മറ്റുള്ളവര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.
പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാന്‍ പെണ്‍കുട്ടികള്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. തന്റെ ബന്ധുവായ പെണ്‍കുട്ടിയെ അപമാനിച്ച പ്രതികള്‍ക്കെതിരെ വിക്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുത്തിരുന്നില്ല.
ആക്രമണത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു. വിക്രം ജോഷിയെ ആക്രമിച്ച സംഭവത്തില്‍ ഒമ്ബത് പേരെ യുപി പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പടെ ഒന്‍പത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാല്‍ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്.

Leave A Reply

Your email address will not be published.