തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പന്ത്രണ്ട് മണിയോടെ. മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി 11.45ന് പരിഗണിക്കും. ഇന്നലെ വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍വാദത്തിനായി മാറ്റുകയായിരുന്നു.
ഇന്നലെ ഒന്നരമണിക്കൂറോളം അടച്ചിട്ട കോടതിയില്‍ വാദം കേട്ടിരുന്നു.യുവതിയുടെ പരാതി പൂര്‍ണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാല്‍ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. ഇത് പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്.
ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തും സ്‌ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നല്‍കാന്‍ യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍നിന്നു സമ്മര്‍ദമുണ്ടായെന്നും പ്രതിഭാഗം വാദിച്ചു. കോടതി തീരുമാനമെടുക്കുന്നതുവരെ അറസ്റ്റുണ്ടാകില്ലെന്നു പ്രോസിക്യൂഷന്‍ ഉറപ്പു നല്‍കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അത്തരം ഉറപ്പുകള്‍ നല്‍കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇക്കാര്യത്തില്‍ കോടതിയും ഇടപെട്ടില്ല.














