ക്വീൻസ്ലന്റിൽ ഒസ്ട്രേലിയൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വംശജനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2018ൽ നടന്ന കൊലപാതകത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. നഴ്സസ് ആയി ജോലി ചെയ്തിരുന്ന രാജ്‌വീന്ദർ സിങ് ആണ് കൊലയാളി.2018,ഒക്ടോബർ 22നാണ് ടോയാ കോർഡിങ്ലെയെന്ന യുവതിയുടെ മൃതദേഹം വാങ്ഹെട്ടി ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്ത് പാതി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അതേ ദിവസം ഭാര്യയുമായി വഴക്കിട്ട രാജ്‌വീന്ദർ ഒരു കറിക്കത്തിയും പഴങ്ങളുമായി ബീച്ചിലെത്തിയിരുന്നു.
ഫാർമസി ജീവനക്കാരിയായ കോർഡിങ്ലെ ആ സമയം അതുവഴി തന്റെ വളർത്തുനായയ്ക്കൊപ്പം നടക്കാനെത്തി. രാജ്‌വിന്ദറിനെ കണ്ടതോടെ നായ കുരയ്ക്കാനാരംഭിച്ചതോടെ യുവതിയുമായി ഇയാൾ തർക്കത്തിലേർപ്പെട്ടു. രോഷം പൂണ്ട രാജ് വിന്ദർ കറിക്കത്തിയെടുത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹത്തിൻ്റെ പാതിഭാഗം മണലിൽ കുഴിച്ചിടുകയും ചെയ്‌തു. യുവതിയുടെ നായയെ പിടിച്ച് സമീപത്തുള്ള മരത്തിൽ കെട്ടിയിട്ട ശേഷം ഇയാൾ സ്‌ഥലത്തുനിന്നും കടന്നുകളഞ്ഞു.കൊലപാതകം നടത്തിയ ശേഷം ഭാര്യയേയും മക്കളേയും ഗൗനിക്കാതെ ഇയാൾ ഒസ്ട്രേലിയ വിട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നാലുവർഷം കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. കൊല നടന്ന് മൂന്നാഴ്ച്ചക്കുള്ളിൽ തന്നെ പൊലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇയാളെക്കുറിച്ച് വിവരം തരുന്നവർക്ക് ക്വീൻസ്‌ൻ്റ് പൊലീസ് ഒരു മില്യൺ ഒസ്ട്രേലിയൻ ഡോളർ വരെ പാരിതോഷികമായി പ്രഖ്യാപിച്ചു.
കൊലപാതകശേഷം ഡൽഹിയിലേക്ക് കടന്ന സിങ്ങിനെ 2022ൽ ഗുരുദ്വാരയിൽ വച്ച് ഡൽഹി പൊലീസാണ് പിടികൂടി ഒസ്ട്രേലിയയ്ക്ക് കൈമാറിയത്. തുടർന്ന് രണ്ടു വർഷം നീണ്ട വിചാരണയ്ക്കു ശേഷമാണ് ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.കേയൺസിലെ സുപ്രീംകോടതി വിധികേൾക്കാൻ യുവതിയുടെ കുടുംബമെത്തിയിരുന്നു. വിധി കേട്ട ശേഷം യുവതിയുടെ പിതാവ് പ്രതിയ്ക്കു നേരെ തെറിയഭിഷേകം നടത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ വളരെ ശാന്തനായാണ് സിങ് കോടതിവിധി കേട്ടത്.














