കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ്.ഐ.ആർ നടപടികളുടെ സമയ പരിധി ഒരാഴ്ചകൂടി നീട്ടിയ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.കൂടുതൽ സമയം വേണമെന്ന് സർക്കാരും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടേക്കും. നിലവിൽ ഈ മാസം 18 വരെയാണ് എന്യൂമറേഷൻ ഫോമുകൾ നൽകാനുള്ള സമയം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സമയപരിധി നീട്ടുന്നതിനായി സംസ്ഥാന സർക്കാരിനോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിനെ തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപടികൾ നീട്ടിയത്.തദ്ദേശ തിരഞ്ഞെടുപ്പിനിടെ എസ്.ഐ.ആർ നടത്തുന്നത് ഭരണപരമായ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് സർക്കാരിന്റെ വാദം. സംസ്ഥാന സർക്കാരിൻ പുറമേ സിപിഐഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മൻ തുടങ്ങിയവരാണ് എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.














