Latest

മണ്ണിനടിയിൽ നിറയെ സ്വർണവും ലിഥിയവും; കണ്ടെത്തിയത് കേരളത്തിന്റെ ഈ അയൽ സംസ്ഥാനത്ത്, കുഴിച്ചെടുക്കാനാവില്ല

കൺമുന്നിൽ നിറയെ സ്വർണം. ഒപ്പം, ആധുനികകാലത്ത് സ്വർണത്തേക്കാൾ വലിയ പെരുമയും ഡിമാൻഡുമുള്ള ലിഥിയവും. പക്ഷേ, കുഴിച്ചെടുക്കാൻ നിർവാഹമില്ല. കേരളത്തിന്റെ തൊട്ടടുത്തുള്ള ഈ സംസ്ഥാനത്തിന് ‘ലോട്ടറി’ അടിച്ചിട്ടും ‘പ്രയോജനപ്പെടുത്താൻ’ കഴിയാത്ത സ്ഥിതി.ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) ഉൾപ്പെടുന്ന കർണാടകയാണ്; ദേശീയ ഉൽപാദനത്തിന്റെ 99 ശതമാനം. ഇതേ കർണാടകയിലാണ് സംസ്ഥാന മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഏതാണ്ട് 65 പ്രദേശങ്ങളിലായി പുതുതായി സ്വർണവും അപൂർവധാതുവായ (റെയർ എർത്ത്) ലിഥിയവും കണ്ടെത്തിയത്.

കർണാടകയിലെ കൊപ്പൽ മേഖലയിലാണ് മണ്ണിനടിയിൽ സ്വർണമുണ്ടെന്ന് തെളിഞ്ഞത്; റായ്ച്ചൂർ മേഖലയിൽ ലിഥിയവും. പക്ഷേ, രണ്ടും സംരക്ഷിത വനമേഖലയായതിനാൽ കുഴിച്ചെടുക്കാനാവില്ല (മൈനിങ് നടപടി). ഇത്തരം പ്രവർത്തനങ്ങൾ ഇവിടങ്ങളിൽ നടത്താൻ നിയമം അനുവദിക്കുന്നില്ലെന്നതാണ് കാരണം. കൊപ്പൽ ജില്ലയിലെ അമ്രപുർ ബ്ലോക്കിലാണ് സ്വർണം കണ്ടെത്തിയത്. ഓരോ ടണ്ണിനും 12-14 ഗ്രാം സ്വർണം വീതമുണ്ടെന്നാണ് വിവരം. ഇത് അപൂർവങ്ങളിൽ അപൂർവമാണ്. സാധാരണ കണ്ടെത്താറുള്ളത് ടണ്ണിന് 2-3 ഗ്രാം മാത്രം. അതായത്, ഖനനം നടത്തുമ്പോൾ ഓരോ ടൺ അയിരിൽനിന്നും സാധാരണ ലഭിക്കാറുള്ളത് 2-3 ഗ്രാം സ്വർണമാണെങ്കിൽ അമ്രപുരിൽ ഖനനം നടത്തിയാൽ 12-14 ഗ്രാം വീതം കിട്ടും. പക്ഷേ, ഖനനത്തിന് ചട്ടം അനുവദിക്കുന്നില്ല.

രാജ്യത്ത് ജമ്മു കശ്മീരിന് ശേഷം ലിഥിയമുണ്ടെന്ന് തെളിഞ്ഞ മേഖലയാണ് റായ്ച്ചൂർ. അമരേശ്വര എന്ന പ്രദേശത്താണ് ലിഥിയമുള്ളത്. ഇവിടെയും ഖനനം നടത്തണമെങ്കിൽ പ്രത്യേക അനുമതിതന്നെ വേണ്ടിവരും. ഇതും സംരക്ഷിത വനമേഖലയാണ്. ഈ മേഖലയിൽ ലിഥിയമുണ്ടെന്ന് 2023ലും കൊപ്പലിൽ സ്വർണമുണ്ടെന്ന് 2000ലും സൂചന ലഭിച്ചിരുന്നു. സ്ഥിരീകരിച്ചത് ഇപ്പോൾ. അനധികൃതമായി ഖനനം നടത്തുന്നവരുടെ സാന്നിധ്യവും തിരിച്ചറിഞ്ഞതിനാൽ, ഇവിടങ്ങളിൽ ഖനനം നടത്താൻ പ്രത്യേക അനുമതി വേണമെന്ന ആവശ്യം ജിയോളജി വകുപ്പ് ഉയർത്തിയിട്ടുണ്ട്.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി ചേർന്ന് സംസ്ഥാന മൈൻസ് ആൻഡ് ജിയോളജി വകുപ്പ് 57 കേന്ദ്രങ്ങളിലും സ്വകാര്യ ഏജൻസികളുമായി ചേർന്ന് 8 കേന്ദ്രങ്ങളിലും മറ്റ് അപൂർവ ലോഹങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ബോക്സൈറ്റ്, ചെമ്പ്, നിക്കൽ, ടങ്സ്റ്റൻ, വനേഡിയം, യുറേനിയം, വജ്രം, മാൻഗനീസ്, ക്രോമൈറ്റ് തുടങ്ങിയവയുടെയും അപൂർവധാതുക്കളായ കയാനൈറ്റ്, സിനോടൈം എന്നിവയുടെയും സാന്നിധ്യമാണ് പരിശോധിക്കുന്നത്.

ഇന്ത്യയിൽ മണ്ണിനടിയിൽ ഖനനം കാത്തുകിടക്കുന്ന സ്വർണത്തിന്റെ കണക്കെടുത്താൽ 44 ശതമാനം വിഹിതവുമായി മുന്നിൽ ബിഹാറാണ്. രാജസ്ഥാൻ (25%), കർണാടക (21%), ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ജാർഖണ്ഡ് (2%) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിൽ. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ബാക്കി 2%.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.