കണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
2015നും 2020നും ഇടയിൽ ദുബായിലാണ് പീഡനം നടന്നതെന്നാണ് പരാതി. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയായിരുന്നു. സജിത്തിന്റെ കമ്പനിയിൽ യുവതിയെക്കൊണ്ട് 16 കോടി രൂപ നിക്ഷേപം നടത്തുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയായി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഗർഭഛിദ്രം നടത്തണമെന്ന് സജിത്ത് ആവശ്യപ്പെടുകയായിരുന്നു. ഗർഭഛിദ്രം നടത്തിയെങ്കിലും ഇയാൾ വിവാഹം കഴിക്കാൻ തയാറായില്ല. പിന്നീട് ഇയാൾ ദുബായിൽ നിന്ന് കടന്നുകളയുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകിയ ശേഷം പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തശേഷം കടന്നു കളഞ്ഞെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.














