തിരുവനന്തപുരം∙ പൊലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിൽ 11 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ചു മാരകമായി പരുക്കേൽപ്പിച്ച പ്രതിയ്ക്ക് 13 വർഷം കഠിനതടവ്. ചെമ്മരുതി വില്ലേജിൽ മുത്താനദേശത്ത് മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയിൽ ഗിരീഷിനെയാണു (43) കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം. 2011 ജൂൺ മൂന്നാണു കേസിനാസ്‌പദമായ സംഭവം നടന്നത്.
മക്കൾ സ്‌കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കവയ്യാതെ അമ്മ പൊലീസിൽ പരാതി നൽകുകയും പൊലീസ് പ്രതിക്കു താക്കീതു നൽകുകയും ചെയ്തിരുന്നു. ഈ വിരോധം നിമിത്തമാണ് പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചത്. തടയാൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ പെൺകുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
11 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേൽപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. വർക്കല പൊലീസ് ഇൻസ്പെക്‌ടറായിരുന്ന വി. സൈജുനാഥ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വി.സി. എന്നിവർ ഹാജരായി.














