ചിറ്റൂർ ∙ സുഹാനുവേണ്ടി നാട് ഒന്നാകെ തിരച്ചിൽ നടത്തുമ്പോൾ ഒട്ടേറെ തവണ നഗരസഭയുടെ വലിയ കുളത്തിനു സമീപത്തുകൂടി ആളുകൾ പോയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ ആരംഭിച്ച തിരച്ചിൽ 21 മണിക്കൂർ പൂർത്തിയാക്കിയപ്പോഴാണ് നാട്ടുകാർ കുളിക്കാനും തുണിയലക്കാനും ഉപയോഗിക്കുന്ന കുളത്തിന്റെ മധ്യഭാഗത്തായി കുഞ്ഞുസുഹാന്റെ മൃതദേഹം കണ്ടെത്തിയത്. സുഹാനുവേണ്ടി പ്രദേശത്തെ കുളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ പരിശോധന നടത്തിയത്. ശനിയാഴ്ച ഡോഗ് സ്ക്വാഡ് സമീപത്തെ മറ്റൊരു കുളത്തിന്റെ വരമ്പു വരെ മണം പിടിച്ചു ചെന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങൾ കേന്ദ്രീകരിച്ചു പരിശോധിക്കാൻ തീരുമാനമായത്. വീടിനു സമീപത്തായി അഞ്ചോളം ആമ്പൽ കുളങ്ങൾ ഉണ്ടായിരുന്നു.
ആമ്പൽകുളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുമ്പോഴും ഇപ്പോൾ മൃതദേഹം കണ്ടെത്തിയ കുളം പരിശോധിച്ചിരുന്നില്ല. ഇതിനു ഒട്ടേറെ കാരണങ്ങൾ ഉണ്ടായിരുന്നു. ഇവിടേക്ക് പൊലീസ് നായ എത്തിയില്ല എന്നതും വീടിനു 700 മീറ്റർ അകലെയുള്ള കുളത്തിലേക്ക് കുട്ടി നടന്നു എത്താൻ സാധ്യത ഇല്ലെന്നതും രക്ഷാപ്രവർത്തനം നടത്തിയവർ കരുതി. അതേസമയം റോഡിനും കുളത്തിനും ഇടയിലായി കനാലുള്ളതിനാൽ നടന്നു പോകുന്ന കുഞ്ഞ് അബദ്ധത്തിൽ കുളത്തിൽ വീഴാനുള്ള സാധ്യതയില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
ടിവി കാണുന്നതിനിടെ സഹോദരനുമായി പിണങ്ങിയാണ് സുഹാൻ വീട്ടിൽനിന്നും ഇറങ്ങിപ്പോയത്. ഇടയ്ക്ക് പിണങ്ങുമ്പോൾ ഇങ്ങനെ നടക്കാറുള്ളതും അൽപ സമയത്തിനുള്ളിൽ തിരികെ വരുന്ന പതിവും സുഹാനുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം സുഹാൻ പിണക്കം മാറ്റാതെ മടങ്ങുകയായിരുന്നു. സുഹാന്റെ പിതാവ് മുഹമ്മദ് അനസ് വിദേശത്താണ്. സ്വകാര്യ സ്കൂളിലെ അധ്യാപികയായ മാതാവ് തൗഹിദ കുട്ടിയെ കാണാതാകുമ്പോൾ പാലക്കാട്ടേക്കു പോയിരിക്കുകയായിരുന്നു.














