ചെന്നൈ ∙ മധുര തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമിച്ച പാലക്കാട് നിന്നുള്ള സംഘത്തെ പൊലീസ് തടഞ്ഞു. മലമുകളിലേക്കു മാംസ വിഭവങ്ങൾ കൊണ്ടുപോകുകയോ അവിടെ വിളമ്പുകയോ ചെയ്യാൻ പാടില്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണു തടഞ്ഞത്. പൊലീസ് നിർദേശം അംഗീകരിച്ചതിനാൽ ഇവരെ ദർഗയിലേക്കു പോകാൻ അനുവദിച്ചു. മലമുകളിലെ സിക്കന്തർ ബാദുഷ ദർഗയിലെ ചന്ദനക്കുടം ആഘോഷത്തിൽ പങ്കെടുക്കാൻ നാൽപതിലേറെപ്പേരാണ് പാലക്കാട് നിന്നെത്തിയത്. തെങ്കാശിയിൽ നിന്നെത്തിയ മറ്റൊരു സംഘത്തെയും പൊലീസ് തടഞ്ഞു.
ചന്ദനക്കുടം ആഘോഷം നിരോധിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സുബ്രഹ്മണ്യ ക്ഷേത്രം കൂടി സ്ഥിതി ചെയ്യുന്ന മലയിൽ മൃഗബലി നടത്തുമെന്ന് ആരോപിച്ചുള്ള ഹർജിയാണു തള്ളിയത്. ദർഗയ്ക്കു സമീപമുള്ള ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയുള്ള ഹൈക്കോടതി വിധി നേരത്തെ വിവാദമായിരുന്നു. ദീപം തെളിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും സർക്കാർ നടപ്പാക്കിയില്ല. ഇതിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയും സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലും ജനുവരിയിൽ പരിഗണിക്കും.














