കൊച്ചി ∙ ചെല്ലാനത്ത് വാഹന പരിശോധനയ്ക്കിടെ ബൈക്ക് തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ യുവാക്കളുടെ വാദം തെറ്റാണെന്ന് ആവർത്തിച്ച് പൊലീസ്. ബൈക്ക് ഓടിച്ചിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശി അനിൽ രാജേന്ദ്രന്റെ (28) കൈയിൽ പിടിച്ചു വലിച്ചിട്ടില്ലെന്നും സിപിഒ (ഡ്രൈവർ) ബിജുമോനെ ഇടിക്കുകയായിരുന്നു എന്നുമാണ് കണ്ണമാലി പൊലീസിന്റെ വാദം. യുവാക്കൾ ബൈക്കിൽ വരുന്നതിന്റെയും ആലപ്പുഴ ചെട്ടികാട് ഗവ. ആശുപത്രിയിൽ എത്തുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. അനിലിനെ മദ്യം മണക്കുന്നു എന്ന ഡോക്ടറുടെ പരിശോധനാ കുറിപ്പും പൊലീസ് പുറത്തു വിട്ടു. നായ കുറുകെച്ചാടിയാണ് അപകടം ഉണ്ടായത് എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ചെല്ലാനത്ത് വാഹന പരിശോധനക്കിടെ എഎസ്ഐ ബൈക്കിനു കൈകാണിച്ചിട്ടും നിർത്താതെ പോയെന്നും അമിത വേഗത്തിൽ വന്ന ബൈക്ക് ഡ്രൈവർ ബിജുമോനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്നുമാണ് പൊലീസ് വാദം. തങ്ങളെ കണ്ട് വേഗത കൂട്ടാൻ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു. കൃത്യനിർവഹണം തടസപ്പെടുത്തി, ഇടിച്ചു പരുക്കേൽപ്പിച്ചു എന്നു കാട്ടി അനിലിനും ബൈക്കിനു പിന്നിലിരുന്ന സുഹൃത്ത് രാഹുൽ സാബുവിനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ വേഗതയില്‍ തന്നെയാണ് വന്നിരുന്നത് എന്നാണ് യുവാക്കൾ പറയുന്നത്.
അടുത്തു വന്നപ്പോഴാണ് പൊലീസിനെ കണ്ടതെന്നും വേഗത കുറച്ച് നിർത്താൻ ശ്രമിച്ചപ്പോൾ ബിജുമോൻ അനിലിന്റെ കൈയിൽ പിടിച്ച് വലിച്ചെന്നും ഇതോടെ നിയന്ത്രണം തെറ്റി തങ്ങളും ബിജുമോനും വീഴുകയായിരുന്നു എന്നും രാഹുൽ പറയുന്നു. വീഴ്ചയിൽ ബിജുമോന്റെ ബോധം പോയി. ഇടതുകൈക്ക് പൊട്ടലുണ്ട്. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായി. മുഖമടിച്ചു വീണ അനിലിന്റെ മൂക്കിന്റെ പാലത്തിന്റെ അസ്ഥി തകർന്നു, നാലു പല്ലുകൾക്കും വായ്ക്കകത്തും കാലിനും പരുക്കുണ്ട്. മുഖം മുഴുവൻ ചോരയില്‍ കുളിച്ച അനിലിന്റെ ചിത്രം പുറത്തുവന്നിരുന്നു.
അപകടത്തിനു ശേഷം അനിലിനെ കൂടി ആശുപത്രിയിലെത്തിക്കാൻ പറഞ്ഞിട്ടും ഇതു കേൾക്കാതെ ഡ്രൈവറുമായി പോവുകയായിരുന്നു എന്നും രാഹുൽ വെളിപ്പെടുത്തിയതോടെ പൊലീസ് നടപടിക്കെതിരെ വിമർശനമുയർന്നു. തുടർന്ന് അനിലിനെ പിന്നിൽ തന്നോടൊപ്പം കെട്ടിവച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും രാഹുൽ പറയുന്നു. ഇതോടെയാണ് തങ്ങളുടെ ഭാഗവുമായി പൊലീസും രംഗത്തെത്തിയത്. രാഹുലിന്റെ വാദം തെറ്റാണെന്ന് കാണിക്കാൻ പൊലീസ് രണ്ടു സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇരുവരും ബൈക്കിൽ വരുന്നതും അപകടത്തിന്റെ ശബ്ദവുമുള്ളതാണ് ഒരു ദൃശ്യം.
അനിലിനെ പിന്നിലിരുത്തി രാഹുൽ ബൈക്കോടിച്ച് ചെട്ടികാട് ആശുപത്രിയുടെ മുന്നിലെത്തുന്നതാണ് മറ്റൊരു ദൃശ്യം. ബൈക്ക് നിർത്തിയ ശേഷം അനിൽ പിന്നിൽ നിന്നിറങ്ങി നടന്ന് ആശുപത്രിയിലേക്ക് കയറുന്നതും ഇതിൽ കാണാം. ഇതു ചൂണ്ടിക്കാട്ടി അനിലിനെ കെട്ടിവച്ചതായി പറയുന്നത് കള്ളമാണെന്ന് പൊലീസ് പറയുന്നു. നിലത്തിറങ്ങിയ ശേഷം പരുക്കേറ്റ കാൽ നിലത്തു കുത്തുമ്പോൾ വേച്ചു പോകുന്നതും കാണാം. അനിലിനോടും രാഹുലിനോടും ജീപ്പിൽ കയറി ആശുപത്രിയിൽ പോകാൻ എഎസ്ഐ ബിജുമോൻ വിളിച്ചെങ്കിലും തങ്ങൾക്ക് കുഴപ്പമില്ല, സ്വയം പൊയ്ക്കോളാം എന്ന് അവർ പറയുകയായിരുന്നു എന്നും പൊലീസ് പറയുന്നു. അനിലിനെ മദ്യം മണക്കുന്നു എന്ന ഡോക്ടറുടെ കുറിപ്പാണ് പൊലീസ് പറയുന്ന മറ്റൊന്ന്.
നായ കുറുകെച്ചാടിയതാണ് അപകടത്തിനു കാരണമായി യുവാക്കൾ ആശുപത്രിയിൽ പറഞ്ഞത് എന്നും തങ്ങളുടെ വാദം ശരിയാണെന്ന് ഉറപ്പിക്കാനായി പൊലീസ് പറയുന്നു. അതേ സമയം, ചികിത്സ കിട്ടിയില്ലെങ്കിലോ എന്ന് പേടിച്ച് നായ കുറുകെച്ചാടിയതാണ് എന്ന് യുവാക്കൾ പറഞ്ഞിരുന്നതായി അനിലിന്റെ അമ്മ രമാദേവി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അപകടത്തിന്റെ പിറ്റേന്ന് സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ എത്തിയപ്പോഴാണ് സംഭവിച്ച കാര്യം തുറന്നു പറയണമെന്ന് തീരുമാനിച്ചതെന്നും കുടുംബം പറയുന്നു. ഡ്രൈവർ ബിജുമോനും അനിലും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
യുവാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. യുവാക്കൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി തങ്ങൾക്ക് കൈമാറിയിട്ടുണ്ട്. യുവാക്കൾ ഉന്നയിച്ച ആരോപണത്തിലും അന്വേഷണം നടത്തുമെന്ന് കമ്മിഷണർ വ്യക്തമാക്കി.














