തിരുവനന്തപുരം: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയായിരുന്ന എജെ ഷഹനയുടെ ആത്മഹത്യ കേസിലാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. മുന്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ എം. സലാഹുദ്ദീനാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.കൊല്ലം കരുനാഗപ്പള്ളി മീന്‍മുക്ക് മദ്രസക്ക് സമീപം ഇടയില വീട്ടില്‍ ഡോ. ഇ എ ഉവൈസാണ് കേസിലെ പ്രതി. സ്ത്രീധനം കൂട്ടി നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തായ ഉവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. 2023ലായിരുന്നു ഡോ ഷഹന ആത്മഹത്യ ചെയ്തത്.
ഒപി ടിക്കറ്റിന്റെ പിറകില്‍ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന ഡോ. ഉവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ഇത് അറിഞ്ഞിട്ടും ഉവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ ഉവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഇയാളുമായി പ്രണയത്തിലായിരുന്ന ഷഹ്നയെ വിവാഹം ചെയ്യുന്നതിന് 150 പവന്‍ സ്വര്‍ണവും ഒരേക്കര്‍ സ്ഥലവും ബിഎംഡബ്ല്യു കാറുമാണ് സ്ത്രീധനമായി റുവൈസിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതെന്നാണ് ഷഹ്നയുടെ വീട്ടുകാരുടെ പരാതി. സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് ഒരു കോടി രൂപയും ബിഎംഡബ്ല്യൂവും തന്നാല്‍ ഞാന്‍ കെട്ടിക്കോളാമെന്ന റുവൈസിന്റെ പരിഹാസമാണ് ഷഹ്നയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉയര്‍ന്ന അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചാണ് ഷഹ്ന ആത്മഹത്യ ചെയ്തത്. 2023 ഡിസംബര്‍ നാലിന് രാത്രിയില്‍ ഷഹ്നയെ മെഡിക്കല്‍ കോളജിനടുത്ത് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.














