അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പുകഴ്ത്തി എൻസിപി (എസ്പി) നേതാവ് ശരദ് പവാർ. ഇന്ത്യയിലെ ചെറുപ്പക്കാർക്ക് മാതൃകയാക്കാവുന്ന വ്യക്തിയാണ് അദാനിയെന്നും പവാർ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണ് അദാനിയെന്നും മോദി സർക്കാരിന്റെ പല പദ്ധതിക്കളും അദാനിക്ക് വേണ്ടിയുള്ളതാണെന്നും കോൺഗ്രസ് ഉൾപ്പെടെ നിരന്തരം വിമർശിക്കുന്നതിനിടെയാണ്, പവാർ അദാനിയെ പുകഴ്ത്തിയത്. പവാറിന് പിന്നാലെ മകൾ സുപ്രിയ സുലേയും അദാനിയെ പുകഴ്ത്തിയതോടെ ‘ഇന്ത്യ’ സംഖ്യം വെട്ടിലായി.
മുന്നണിയിൽ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതയുള്ളതിന്റെ പുതിയ തെളിവാണ് പവാറിന്റെ അദാനി സ്തുതിയെന്നും വിലയിരുത്തപ്പെടുന്നു. മുതിർന്ന നേതാവ് ദിഗ്‍വിജയ് സിങ് ഉൾപ്പെടെ ചിലർ ആർഎസ്എസിനെ പുകഴ്ത്തിയന്റെ ക്ഷീണം മാറുംമുൻപാണ് പവാറിന്റെ അദാനി സ്തുതിയെന്നതും മുന്നണിക്ക് സമ്മർദമാണ്. പൂനെയിൽ പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബാരാമതിയിൽ ശരദ്ചന്ദ്ര പവാർ സെന്റർ ഓഫ് എക്സലൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശരദ് പവാർ. പവാർ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ വിദ്യ പ്രതിഷ്ഠാനാണ് സെന്റർ സ്ഥാപിച്ചത്. അദാനിയാണ് സ്പോൺസർ. അദാനിയുടെ വ്യക്തി ജീവിതത്തെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു പവാറിന്റെ പ്രസംഗം. ഗുജറാത്തിൽ നിന്ന് വെറുംകയ്യോടെ മുംബൈയിലെത്തിയ അദാനി 23 രാജ്യങ്ങളിൽ വേരുകളുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. വലിയ സ്വപ്നങ്ങൾ കാണുന്ന കഠിനാധ്വാനികളായ യുവത മാതൃകയാക്കേണ്ട വ്യക്തിയാണ് അദാനിയെന്നും അദ്ദേഹം പറഞ്ഞു.
ശരദ് പവാർ തന്റെ ജീവിതത്തിലെ മാർഗദർശിയാണെന്നായിരുന്നു അദാനിയുടെ മറുപടി. രാജ്യതാൽപ്പര്യങ്ങൾക്കൊപ്പം അടിസ്ഥാന യാഥാർഥ്യങ്ങളും സമന്വയിപ്പിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പവാറിനെ പരിചയമുണ്ട്. അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ വലുതാണ്. അദ്ദേഹത്തിന്റെ പക്വതയും സഹജീവികളോടുള്ള സ്നേഹവും മാതൃകയാണ്. രാജ്യത്തെ കാർഷിക, വ്യാവസായിക, സഹകരണ മേഖലകളിലെ പവാറിന്റെ പങ്ക് നിസ്തുലമാണെന്നും അദാനി പറഞ്ഞു.പവാർ കുടുംബത്തിലെ പ്രമുഖരും ചടങ്ങിൽ എത്തിയിരുന്നു. ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലേ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, രാജ്യസഭ എംപി സുനേത്ര പവാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പവാർ കുടുംബവും അദാനിയുമായുള്ള മൂന്ന് പതിറ്റാണ്ടുകൾനീണ്ട ബന്ധം ഓർമപ്പെടുത്തിയായിരുന്നു സുപ്രിയ സുലേയുടെ പ്രസംഗം. അദാനി മൂത്ത സഹോദരനെപ്പോലെയാണെന്ന് സുപ്രിയ പറഞ്ഞു. ജിഡിപി കണക്കുകളിലൂടെ രൂപപ്പെട്ട ബന്ധമല്ല അതെന്നും സുപ്രിയ പറഞ്ഞു.














