മാനന്തവാടി: സമഗ്രാധിപത്യത്തിനും വർഗീയ ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന്റെ ശക്തമായ പ്രതീകമാണ് ശഹീദ് കെ.എസ് ഷാൻ എന്നും ശഹീദ് ഷാൻ കാണിച്ചു തന്ന വഴിയിൽ നാം ഓരോരുത്തരും സഞ്ചരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്‌ദുൽ ഹമീദ്. എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽആർ.എസ്.എസ് വർഗീയ ഫാഷിസ്റ്റുകൾ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ശഹീദ് കെ.എസ്. ഷാന്റെ അനുസ്മരണവും പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശഹീദ് കെ.എസ്. ഷാൻ എന്നും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി അദ്ദേഹം ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകൾ ഇന്നത്തെ കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യം, ഭരണഘടന, പൗരാവകാശങ്ങൾ എന്നിവയ്ക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും, ശഹീദ് ഷാന്റെ ജീവിതവും പോരാട്ടവും പ്രവർത്തകർക്ക് തുടർന്നുള്ള പ്രചോദനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്, മണ്ഡലം സെക്രട്ടറി സജീർ എം.ടി, കരീം, സുബൈർ, നിസാർ എന്നിവർ സംസാരിച്ചു.














