Kerala

ഭാര്യയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; വിവരം ചോർന്നു, കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ

കണ്ണൂർ ∙ മൂന്നര വയസ്സുള്ള കുട്ടിയോടൊപ്പം രാസലഹരി വിൽപനയ്ക്കെത്തിയ ദമ്പതികൾ പിടിയിൽ. ബെംഗളൂരുവിൽ താമസക്കാരായ കണ്ണൂർ തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 70.66 ഗ്രാം എംഡിഎംഎ പിടികൂടി.

ഷാഹുൽ ഹമീദും നജീമയും രാസലഹരിയുമായി ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ബസിൽ വരുന്നുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചു. ഇന്ന് രാവിലെ ബസിൽ എത്തിയ ദമ്പതികൾ ഓട്ടോറിക്ഷയിൽ ആശുപത്രി പരിസരത്തേക്ക് വരുമ്പോൾ ഡാൻസാഫ് അംഗങ്ങൾ ഓട്ടോറിക്ഷ വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നജീമയുടെ ദേഹത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

നാർക്കോട്ടിക് എസിപി രാജേഷ്, കണ്ണൂർ സിറ്റി എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ലഹരി മരുന്നു വിൽപന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ കെയർ ഹോമിലേക്ക് മാറ്റി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.