Kerala

‘എനിക്കവരെ കണ്ടെത്തണം, സഹായിക്കാമോ?’: കോട്ടയ്ക്കലിലെ ബന്ധുക്കളെ തേടി ആൻഡമാനിലെ ഹംസ

കോട്ടയ്ക്കൽ ∙ ‘എന്റെ ബന്ധുക്കൾ കേരളത്തിലുണ്ട്. കോട്ടയ്ക്കലിൽ. എനിക്കവരെ കണ്ടെത്തണം. സഹായിക്കാമോ?’– ആൻഡമാൻ ദ്വീപിലെത്തുന്ന മലയാളികളോട് ഹംസ പാലപ്പെട്ടി (65) എന്ന ദ്വീപ് നിവാസി പതിവായി ഉന്നയിക്കുന്ന ചോദ്യമാണിത്. കോട്ടയ്ക്കൽ ആലിൻചുവട്ടിലെ സുബൈർ തയ്യിൽ എന്ന പൊതുപ്രവർത്തകനും ഈ ചോദ്യം കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. കഴിഞ്ഞമാസം ആൻഡമാനിൽ പോയപ്പോഴും കേട്ടു. സുബൈറിന്റെ ബന്ധുക്കൾ ദ്വീപിലെ തൃശിനാബാദിലുണ്ട്. അവരുടെ അടുത്തുപോകുമ്പോഴെല്ലാം യുവാവ്, ഇതിന് അടുത്തുതന്നെ താമസിക്കുന്ന ഹംസയെ സന്ദർശിക്കാറുണ്ട്.ഹംസയുടെ വല്യുപ്പ മൊയ്തീനെ മലബാർ സമര സമയത്ത് ബ്രിട്ടിഷുകാർ ആൻഡമാനിലേക്കു നാടുകടത്തിയതാണ്. മലബാറിലെ ഒട്ടേറെ കുടുംബങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അന്നു ബാലനായിരുന്ന, ഹംസയുടെ പിതാവ് അഹമ്മദും മൊയ്തീനൊപ്പമുണ്ടായിരുന്നു. മൊയ്തീൻ ആൻഡമാൻ ജയിലിൽ വച്ച് മരിച്ചു. 40 വർഷം മുൻപ് അഹമ്മദും മരിച്ചു. ഹംസയുടെ ഉമ്മയുടെ വീട് ചേളാരിയിലാണ്. അവരും ഇന്ന് ജീവിച്ചിരിപ്പില്ല.

ഹംസയും സഹോദരങ്ങളും മക്കളും പേരമക്കളും ജനിച്ചതും വളർന്നതുമെല്ലാം ആൻഡമാനിലാണ്. ഹിന്ദിയാണ് ഔദ്യോഗിക ഭാഷയെങ്കിലും മലയാളം മിക്കവർക്കുമറിയാം. കാരണം, പലരുടെയും വേര് മലപ്പുറത്താണ്. വണ്ടൂർ, തിരൂർ, കാളികാവ് തുടങ്ങി ജില്ലയിലെ പല നഗരങ്ങളുടെയും പേരിലുള്ള സ്ഥലങ്ങൾ ദ്വീപിലുണ്ട്.ഹംസയുടെയും സഹോദരങ്ങളുടെയും ജീവിതപങ്കാളികൾ ദ്വീപ് നിവാസികൾ തന്നെയാണ്. ദ്വീപിലേക്കു നാടുകടത്തപ്പെട്ടവരിൽ പലരുടെയും ബന്ധുക്കൾ അവരെ കാണാനായി പിൽക്കാലത്ത് അവിടെയെത്തിയിരുന്നു. ദ്വീപിലെ സർക്കാർ തടിമില്ലിൽ 31 വർഷത്തോളം ജോലി ചെയ്തശേഷം, മൂന്നു വർഷം മുൻപാണ് ഹംസ വിരമിച്ചത്. ഭാര്യയുടെ ചികിത്സാർഥം വർഷങ്ങൾക്കുമുൻപ് ഹംസ കോട്ടയ്ക്കലിൽ വന്നിട്ടുണ്ട്. കഴിഞ്ഞമാസം സമസ്ത വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനായി കാസർകോട്ടുമെത്തി. അപ്പോഴെല്ലാം ബന്ധുക്കളെക്കുറിച്ച് വിശദമായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.