Kerala

ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അഫാൻ

തിരുവനന്തപുരം∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന തടവുകാരൻ പുറത്തേക്ക് പോയപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് അഫാൻ.

മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ ആദ്യ കുറ്റപത്രം രണ്ടു ദിവസം മുന്‍പാണ് സമർപ്പിച്ചത്. അഫാൻ ആണ് ഏക പ്രതി. പിതൃമാതാവ് പാങ്ങോട് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സൽമാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിൽ അടച്ചു. അതിനുശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടിൽവച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു 5 കൊലപാതകങ്ങൾ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.