109 വർഷം മുൻപ് മുത്തച്ഛൻ സേട്ട് ജുമ്മ ലാൽ റുത്തിയയുടെ കയ്യിൽനിന്നു ബ്രിട്ടൻ കടമായി വാങ്ങിയ 35,000 രൂപ തിരിച്ചുകിട്ടാൻ കൊച്ചുമകൻ വിവേക് റുത്തിയ നിയമനടപടിക്കൊരുങ്ങുന്നു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ പ്രമുഖ വ്യവസായി കുടുംബാംഗമായ റുത്തിയ അന്നത്തെ കടത്തിന്റെ ഇന്നത്തെ മൂല്യത്തിലുള്ള തുക ആവശ്യപ്പെട്ടാണ് ബ്രിട്ടിഷ് സർക്കാരിന് നോട്ടിസ് അയയ്ക്കുന്നത്. ഈ തുകയ്ക്ക് ഇന്ന് കോടിക്കണക്കിന് രൂപ മൂല്യം വരും. ഇതിന്റെ രേഖകളും റുത്തിയയുടെ കൈവശമുണ്ട്.
ഒന്നാം ലോകയുദ്ധകാലത്തെ (1914-18) ചെലവുകൾക്കായി, ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണകൂടം പൗരന്മാരിൽ നിന്ന് പണം സമാഹരിച്ചിരുന്നു. രാജ്യാന്തര നിയമമനുസരിച്ച്, ഒരു പരമാധികാര രാഷ്ട്രം അതിന്റെ മുൻകാല കടങ്ങൾ തിരിച്ചടയ്ക്കാൻ ബാധ്യസ്ഥരാണെന്നും റുത്തിയ പറയുന്നു.














