ശാസ്താംകോട്ട (കൊല്ലം)∙ രാത്രി ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ എൻജിനീയറെ റോഡിൽ വച്ച് കടന്നു പിടിച്ച പ്രതിയെ പൊലീസ് രക്ഷപ്പെടുത്തിയതായി പരാതി. വെറ്റമുക്ക് – താമരക്കുളം കിഫ്ബി പദ്ധതിയിലെ ടാറിങ്ങിനു മേൽനോട്ടം വഹിക്കുന്ന കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്‌റ്റന്റ് എൻജിനീയർമാർ, സൂപ്പർ വൈസേഴ്സ‌് എന്നിവരടങ്ങുന്ന ഏഴംഗ വനിതാ സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്. ശാസ്താംകോട്ട – ആഞ്ഞിലിമുട് പ്രധാന പാതയിൽ കഴിഞ്ഞ ദിവസം രാത്രി 10നാണ് സംഭവം.
വാഹന നിയന്ത്രണ സംവിധാനങ്ങൾ മറികടന്ന്, ടാറിങ് നടക്കുന്ന സ്ഥലത്തേക്ക് ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. വനിതകൾ ഓടി മാറിയതോടെ യുവാവ് പുറത്തിറങ്ങി പ്രകോപനം സൃഷ്ടിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ കടന്നു പിടിച്ച് എടുത്ത് ഉയർത്തി. ഫോണും തട്ടിയെടുത്തു.
രക്ഷ തേടി വിളിച്ചപ്പോൾ പൊലീസെത്തി പരാതി ഉണ്ടങ്കിൽ സ്റ്റേഷനിൽ എഴുതി കൊടുക്കാൻ പറഞ്ഞ് മടങ്ങി. രാത്രി പത്തരയോടെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തിയ എൻജിനീയർമാർ പരാതി എഴുതി നൽകി. ഇതിനിടെ അക്രമ സംഘത്തിലെ ചിലർ സ്റ്റേഷൻ പരിസരങ്ങളിൽ എത്തിയിരുന്നു. റോഡിൽ തിരിച്ചെത്തിയ വനിതാ ഉദ്യോഗസ്‌ഥർ ടാറിങ് പൂർത്തിയാക്കി പുലർച്ചെ മടങ്ങി. എന്നാൽ ഇതിനിടെ ഒരിക്കൽപോലും പൊലീസ് സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയതേയില്ല. സ്റ്റേഷനിൽ വിളിച്ച് തിരക്കിയപ്പോൾ പ്രതികളുമായി സംസാരിച്ച് തീർക്കാനാണ് പൊലീസ് നിർദേശിച്ചത്. കേസെടുക്കാനും തയാറായില്ല.
വാഹനങ്ങളുടെ തിരക്കൊഴിഞ്ഞ ശേഷം രാത്രി 9.30 മുതൽ രാവിലെ 6 വരെയാണ് ടാറിങ്. ഏഴാം തീയതി മുതൽ പണി നടക്കുന്നുണ്ട്. ഇതിന് മുൻപേ തന്നെ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനു കത്ത് നൽകിയിരുന്നുവെന്നും വനിതകൾ മാത്രമായതിനാൽ പട്രോളിങ് ജീപ്പുകൾ അതുവഴി ഇടയ്ക്ക് വരണമെന്ന് അറിയിച്ചിരുന്നതായും എൻജിനീയർമാർ പറഞ്ഞു.
ഇതിനിടെ റോഡിന്റെ വശങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കാൻ കഴിയുന്ന തരത്തിൽ ടാർ ചെയ്യണമെന്ന് പറഞ്ഞ് സമീപവാസികളായ ചിലർ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തിയിരുന്നു. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ കൊല്ലം റൂറൽ പൊലീസ് മേധാവിക്കും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർക്കും പരാതി നൽകി.













