Kerala

ബൈക്കിൽ കറങ്ങി നടക്കും; ഒഴിഞ്ഞ സ്ഥലത്തുവച്ച് പെൺകുട്ടികളെ ഉപദ്രവിക്കും, രണ്ടുപേർ അറസ്റ്റിൽ

കൊച്ചി ∙ ബൈക്കിൽ കറങ്ങി നടന്ന് ഒഴിഞ്ഞ സ്ഥലത്തു വച്ച് പെൺകുട്ടികളെ ഉപദ്രവിക്കുന്ന 2 പേർ അറസ്റ്റിൽ. കലൂർ മണപ്പാട്ടിപ്പറമ്പ് 317–ാം നമ്പർ വീട്ടിൽ മുഹമ്മദ് അൻഷാദ് എം.എസ് (19), വിടിസി എറണാകുളം കോളജ് കരിതലപ്പറമ്പ് വീട്ടിൽ മുഹമ്മദ് റാസിക് (18) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. ഇവർ സ്ഥിരമായി ഇത്തരം കുറ്റകൃത്യം നടത്തുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.

എറണാകുളം കലൂർ ഷേണായി ക്രോസ് റോഡിൽ വച്ച് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ‍ഇവിടെ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലുകളിലെ വിദ്യാർഥിനികളെയാണ് ഇവർ കൂടുതലും ലക്ഷ്യം വയ്ക്കാറ്. വൈകിട്ട് ഇവിടെ എത്തുന്ന ഇവർ നടന്നുവരുന്നവരെ ലക്ഷ്യം വച്ച് ആദ്യം ബൈക്കിൽ കറങ്ങും. തുടർന്ന് ആളുകൾ കുറവുള്ള ഭാഗത്തു വച്ച് മുന്നിൽ നിന്ന് വന്ന് കയറിപ്പിടിച്ച ശേഷം ബൈക്കിൽ കടന്നുകളയാറാണ് പതിവ്. വെള്ളിയാഴ്ച ഹോസ്റ്റലിലേക്ക് വന്ന പെൺകുട്ടികളെ ഇവർ ആക്രമിച്ചു. തുടർന്ന് പെൺകുട്ടികൾ ഹോസ്റ്റൽ വാർഡനെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ഇവർ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ‍ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തു. പിന്നാലെ ഇരുവരേയും പിടികൂടി. അൻഷാദിനും റാസിക്കിനും പ്രത്യേകിച്ച് ജോലിയൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ഇവർ ഇത്തരത്തിലുള്ള കുറ്റം മുൻപും ചെയ്തിട്ടുണ്ടെങ്കിലും ആക്രമിക്കപ്പെട്ടവർ പരാതിപ്പെടാൻ വിസമ്മതിച്ചതോടെ രക്ഷപെടുകയായിരുന്നു എന്നു പൊലീസ് വ്യക്തമാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.