Latest

‘ആ ചിരി മാഞ്ഞു’: കൂട്ടബലാത്സംഗത്തിനിരയായ കുക്കി വംശജയായ യുവതി മരിച്ചു, ക്രൂര പീഡ‍നം അതിജീവിച്ച രണ്ട് വർഷം

ഇംഫാൽ ∙ 2023 മേയ് മാസത്തിൽ മണിപ്പുരിൽ മെയ്തേയ് – കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇംഫാലിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കുക്കി വംശജയായ യുവതി മരിച്ചു. പീഡനത്തെത്തുടർന്നുണ്ടായ മാനസികാഘാതവും ശാരീരിക ബുദ്ധിമുട്ടുകളും ആരോഗ്യം വഷളാക്കിയതിനെത്തുടർന്നാണ് മരണം. രണ്ട് വർഷം മുൻപ് നേരിട്ട ശാരീരിക ബുദ്ധിമുട്ടികളിൽ നിന്നും യുവതി ഒരിക്കലും മുക്തയായിരുന്നില്ലെന്നും ഇത് ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നതായും കുടുംബം പറഞ്ഞു.

മെയ്തേയ് വിഭാഗത്തിൽപ്പെട്ട ചില പുരുഷന്മാരിൽ നിന്ന് താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് യുവതി 2023ൽ തുറന്നുപറഞ്ഞിരുന്നു. കഠിനമായ പരുക്കുകളോടെ രക്ഷപ്പെട്ട യുവതിക്ക് സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിനാൽ പീഡനം നടന്ന് രണ്ട് മാസത്തിനു ശേഷമായിരുന്നു പൊലീസിൽ പരാതി നൽകാനായത്. അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, മാനസികാഘാതവും ഗർഭപാത്ര സംബന്ധമായ സങ്കീർണതകളും അനുഭവിച്ചിരുന്നു. കഠിനമായ പരുക്കുകൾ കാരണം മകൾക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നതായും യുവതിയുടെ അമ്മ പറഞ്ഞു.

‘‘ഈ ക്രൂരതയ്ക്ക് ഇരയാകുന്നതിന് മുൻപ് എന്റെ മകൾ വളരെ ഉന്മേഷവതിയായ പെൺകുട്ടിയായിരുന്നു. ഇംഫാലിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു. അവൾക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു, എപ്പോഴും ചിരിച്ചുകൊണ്ട് നടന്നിരുന്ന അവൾക്ക് ആ സംഭവത്തിനു ശേഷം അവളുടെ ചിരി നഷ്ടപ്പെട്ടു’’ – യുവതിയുടെ അമ്മ പറഞ്ഞു.

കറുത്ത ഷർട്ട് ധരിച്ച നാല് സായുധർ തന്നെ കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോയെന്നും അവരിൽ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചെന്നും 20 വയസ്സുകാരിയായ യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കലാപസമയത്ത് ആയുധമെടുത്ത അരമ്പായ് തെംഗോൾ എന്ന മെയ്തേയ് ഗ്രൂപ്പിലെ അംഗങ്ങളാണ് കറുത്ത ഷർട്ട് ധരിക്കുന്നത്. മീര പൈബി അംഗങ്ങളാണ് പെൺകുട്ടിയെ മെയ്തേയ് പുരുഷന്മാർക്ക് കൈമാറിയതെന്ന് കുക്കി സംഘടനകൾ ആരോപിച്ചിരുന്നു.

‘‘ഒരു വെള്ള കാറിൽ നാലുപേർ ചേർന്നാണ് എന്നെ കൊണ്ടുപോയത്. ഡ്രൈവർ ഒഴികെയുള്ള മൂന്നുപേർ എന്നെ ലൈംഗികമായി ഉപദ്രവിച്ചു. രാത്രി മുഴുവൻ എനിക്ക് ഭക്ഷണമോ വെള്ളമോ നൽകിയില്ല. രാവിലെ ശുചിമുറിയിൽ പോകാനെന്ന വ്യാജേന ഞാൻ കണ്ണിലെ കെട്ട് മാറ്റി ചുറ്റും നോക്കി. തുടർന്ന് കുന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഒളിച്ചിരുന്ന എന്നെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് സുരക്ഷിത സ്ഥാനത്തെത്തിച്ചത്. അവിടെനിന്ന് അയൽസംസ്ഥാനമായ നാഗാലാൻഡിന്റെ തലസ്ഥാനമായ കോഹിമയിലെ ആശുപത്രിയിലേക്ക് മാറ്റി’’ – യുവതി പറഞ്ഞിരുന്നു. യുവതിയുടെ ഓർമയ്ക്കായി മെഴുകുതിരി തെളിയിക്കൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.