ഭോപ്പാൽ∙ ഇൻഡോറിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഇൻഡോർ എയറോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാധവാണ് ഭാര്യ സുമിത്ര ചൗഹാന്റെ കൊലപാതകത്തിൽ പിടിയിലായത്. കഴിഞ്ഞ 7 വർഷമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും ചോദ്യം ചെയ്യലിനിടെ മാധവ് പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യയുടെ മരണത്തിന് കാരണം അസുഖമാണെന്നാണ് ഇയാൾ ബന്ധുക്കളെയും പ്രദേശവാസികളെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമിത്രയുടെ മരണം കൊലപാതകമാണെന്നും പിന്നിൽ ഭർത്താവാണെന്നും തെളിഞ്ഞത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.
ചോദ്യം ചെയ്യലിനിടെ മാധവ് പലതവണ മൊഴി മാറ്റിയിരുന്നു. ബോധരഹിതയായി കിടന്നതോടെ താൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് മാധവ് പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മാധവ് സത്യം വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി താനുമായുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സുമിത്ര ഒഴിവാക്കുകയായിരുന്നുവെന്ന് മാധവ് പറയുന്നു. ഇതിനെക്കുറിച്ച് അവർ എല്ലാ ദിവസവും തർക്കിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാധവ് വീണ്ടും ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും സുമിത്ര വിസമ്മതിച്ചു. ഇതിനിടെ ഭാര്യയെ മർദിച്ചെന്നും ബോധരഹിതയായി വീഴുകയായിരുന്നുവെന്നുമാണ് മാധവ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മാധവിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.














