കോഴിക്കോട് ∙ സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു.ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു. അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പൊലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
സംഭവത്തിൽ കുറ്റക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങാണ് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഡിജിപിക്ക് കൈമാറി.
∙ വിഡിയോ കണ്ടത് 23 ലക്ഷം പേർ കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയിൽ പ്രവർത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരിൽ പോയിരുന്നു. ഈ സമയം ബസിൽ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരിൽനിന്ന് ഇത്തരത്തിൽ വിഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തിൽ ആയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.
വിഡിയോ സംബന്ധിച്ച വിഷമം ദീപക് ചില സുഹൃത്തുക്കളുമായി ശനിയാഴ്ച വൈകിട്ട് ഫോണിലും മറ്റും സംസാരിച്ചിരുന്നു. യുവാവിനെക്കുറിച്ച് ഇതുവരെ മോശമായി ഒന്നും കേട്ടിട്ടില്ലെന്നാണ് ദീപക് ഏഴു വർഷമായി ജോലി ചെയ്യുന്ന സ്ഥാപന ഉടമ പ്രതികരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
∙ ആരോപണത്തിൽ ഉറച്ചു യുവതി
അതേസമയം വിഡിയോ ചിത്രീകരിച്ച യുവതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായാണ് ഒരു ടിവി ചാനലിനോട് പ്രതികരിച്ചത്. പയ്യന്നൂരിൽ രക്തദാനത്തിന് പോകുന്ന വഴിയിൽ പയ്യന്നൂരിൽ വച്ചാണ് സംഭവം ഉണ്ടായതെന്നും ആരോപണവിധേയനായ ആൾ മറ്റൊരു യുവതിക്കു സമീപം മോശം രീതിയിൽ പെരുമാറുന്നതായി കണ്ടെന്നും തുടർന്ന് തന്റെ സമീപമെത്തിയപ്പോൾ വിഡിയോ ചിത്രീകരിക്കുക ആയിരുന്നുവെന്നും യുവതി വിശദീകരിച്ചു.തുടർന്ന് തന്റെ അടുത്തും ഇത്തരത്തിൽ പെരുമാറുന്നതായി തോന്നിയതോടെ ‘എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചതോടെ അയാൾ വേഗം നടന്നു പോകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വിഡിയോ ചിത്രീകരിച്ച ശേഷം വടകര പൊലീസ് സ്റ്റേഷനിൽ പരിചയമുള്ള ഒരാളെ ഇതറിയിച്ചെന്നും സമൂഹമാധ്യമത്തിൽ വിഡിയോ ഇടുന്ന വിവരം സൂചിപ്പിച്ചെന്നും യുവതി വ്യക്തമാക്കി. അതേസമയം യുവാവ് ജീവനൊടുക്കിയ വിവരം അറിയിച്ചപ്പോൾ അത് ദുഃഖകരമായിപ്പോയെന്നും അത് പ്രതീക്ഷിച്ചില്ലെന്നുമാണ് യുവതി പ്രതികരിച്ചത്. പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.














