ബെംഗളൂരു∙ കര്‍ണാടക പൊലീസിന് നാണക്കേടായി ഡിജിപിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്. സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്‍റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവു ഓഫിസിലെത്തിയ യുവതികളെ ചുംബിക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഒളിക്യാമറ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്.
ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ യുവതികളെയാണ് ഡിജിപി ചുംബിക്കുന്നതായി ദൃശ്യങ്ങളിൽ കാണുന്നത്. ഓഫിസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഡിജിപി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാന്‍ മന്ത്രി തയാറായില്ല. വിഡിയോ കെട്ടിച്ചമച്ചതാണെന്നാണ് റാവുവിന്റെ വാദം. അതേസമയം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നല്‍കുമെന്ന് രാമചന്ദ്ര റാവു അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. രു വർഷം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് വിവരം.
1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിന്‍റെ വളര്‍ത്തു മകള്‍ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനോട് നിര്‍ബന്ധിത അവധിയെടുക്കാൻ നിർദേശിച്ചു. അവധി പൂർത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സര്‍വീസില്‍ തിരിച്ചെത്തിയത്. ഈ വർഷം മേയില്‍ സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണു ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.














