ചെന്നൈ∙ മധുര എൽഐസി ഓഫിസിൽ വനിതാ മാനേജർ കൊല്ലപ്പെടുകയായിരുന്നെന്ന് ഒരു മാസത്തിനു ശേഷം തെളിഞ്ഞു. മാനേജരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന് അഡ്മിനിസ്ട്രേറ്റീവ് മാനേജർ ഡി.റാം (46) അറസ്റ്റിലായി. ഡിസംബർ 17നുണ്ടായ തീപിടിത്തത്തിൽ മാനേജർ എ.കല്യാണി നമ്പി (56) പൊള്ളലേറ്റു മരിച്ച സംഭവത്തിലാണു നാടകീയ വഴിത്തിരിവുണ്ടായത്.അപേക്ഷകൾ തീർപ്പാക്കാതെ വൈകിപ്പിച്ച റാമിനെ കല്യാണി ശാസിക്കുകയും മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് അയയ്ക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. ഇതോടെ ഇയാൾക്കു ദിവസവും ഓഫിസിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടിവന്നു. ഇതിനു പ്രതികാരമായി മാനേജരുടെ കാബിനിൽ ഫയലുകൾ കൂട്ടിയിട്ടു പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തുടർന്നു കാബിൻ പുറത്തു നിന്നു പൂട്ടി. തീ ആളിപ്പടർന്നതോടെ ഗുരുതരമായി പൊള്ളലേറ്റ കല്യാണി സംഭവ സ്ഥലത്തു തന്നെ മരിച്ചു.അപകടത്തിൽ റാമിനും പൊള്ളലേറ്റിരുന്നു. ഷോർട്ട് സർക്കീറ്റ് മൂലം തീ പിടിച്ചെന്നായിരുന്നു പൊലീസ് നിഗമനമെങ്കിലും മുഖംമൂടി ധരിച്ച ഒരാൾ ഓഫിസിലെത്തി മാനേജരുടെ ആഭരണങ്ങൾ മോഷ്ടിച്ചു തീ കൊളുത്തിയെന്നു റാം കഥയുണ്ടാക്കിയതാണു പാളിയത്.














