Latest

പ്രണയിച്ചു വിവാഹം കഴിച്ച് ഇന്ത്യയിലെത്തി, ഇപ്പോൾ പെരുവഴിയിൽ: കൊടുംചതിയുടെ കഥ പറഞ്ഞ് റഷ്യൻ വനിത

സ്വാർഥ ലാഭത്തിന്റെ പേരിൽ മറ്റുള്ളവരെ വഞ്ചിക്കുകയും മുതലെടുക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരുപാടാളുകൾ നമുക്കിടയിലുണ്ട്. ചിലർ ശുദ്ധാത്മാക്കളായ മനുഷ്യരെ അകപ്പെടുത്തുന്നത് പ്രണയത്തിന്റെ വലവിരിച്ചാണ്. ദേശങ്ങൾ കടന്നും ഇരകളെ തേടാൻ മടിയില്ലാത്ത മനുഷ്യരെക്കുറിച്ചും ഒന്നുമറിയാതെ അത്തരമൊരു വേട്ടക്കാരന്റെ വലയിൽക്കുടുങ്ങി ചതിക്കപ്പെട്ടതിനെക്കുറച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു വിദേശവനിത. പ്രണയവും സാമ്പത്തിക സുരക്ഷയും എല്ലാം നഷ്ടപ്പെട്ടെങ്കിലും ബാക്കിയായ ജീവനും കൊണ്ട് ഉറ്റവരുടെ അടുത്തേക്ക് മടങ്ങാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയാണ് റഷ്യക്കാരിയായ ജിപ്സി ക്യുരിയോസ. ക്യൂരിയോസയെ പ്രണയിച്ച് ഇന്ത്യയിലെത്തിച്ച്, വിവാഹം കഴിച്ച് ഒടുവിൽ അനാഥയെപ്പോലെ ഉപേക്ഷിച്ചു കടന്നത് ഇന്ത്യക്കാരനാണ്. നിയമക്കുരുക്കുകളിൽപ്പെട്ട് ജന്മ നാട്ടിലേക്ക് മടങ്ങാനും ഉറ്റവരെ ഒന്നു കാണാൻ പോലും കഴിയാത്ത നിസ്സഹായവസ്ഥയിലാണ് ഈ യുവതി.

ഒരു ദേശീയ മാധ്യമത്തോട് തന്റെ അവസ്ഥയെ കുറിച്ച് ജിപ്സി പറഞ്ഞതിങ്ങനെ: ‘‘ഓൺലൈൻ വഴിയാണ് ഇന്ത്യക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളർന്നപ്പോൾ അയാളെ കാണാനായി ഇന്ത്യയിൽ വന്നു. ആദ്യ കൂടിക്കാഴ്ച ഇന്ത്യയിൽ വച്ചായിരുന്നു. സംസാരിക്കുമ്പോഴൊക്കെ തന്റെ കുടുംബത്തിലുള്ളവർ വളരെ യാഥാസ്ഥിതികരാണെന്ന് അയാൾ പറഞ്ഞു. പക്ഷേ അയാളുടെ കുംടുംബത്തോടൊക്കെ പൊരുത്തപ്പെട്ട് വർഷങ്ങളോളം ഞങ്ങൾ ഡേറ്റിങ്ങിലായിരുന്നു. പിന്നീട് അഞ്ചു വർഷത്തിനു ശേഷം മധ്യപ്രദേശിലെ ഓർച്ച എന്ന പട്ടണത്തിൽ വച്ച് ഞങ്ങൾ വിവാഹിതരായി. വിവാഹ ശേഷം അയാളുടെ സ്വഭാവം പാടെമാറി. സ്വയം ഉപദ്രവിക്കുന്ന സ്വഭാവം അയാൾക്കുണ്ടെന്നും ഒരുപാട് കടമുള്ള കാര്യം ഒളിപ്പിച്ചു വച്ചാണ് വിവാഹം കഴിച്ചതെന്നുമൊക്കെ ഞാൻ മനസ്സിലാക്കിയത് വളരെ വൈകിയാണ്.’’

ഒട്ടും സ്ഥിരതയില്ലാത്ത പ്രവചനാതീതമായ സ്വഭാവമായിരുന്നു അയാളുടേതെന്നും യുവതി വെളിപ്പെടുത്തി. ‘‘പോകെപ്പോകെ അയാൾ എന്നോട് അകലം കാണിച്ചു. 2024ൽ ഭോപ്പാലിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അയാൾ പോയി. പിന്നീട് തിരികെ വന്നില്ല. എന്റെ ഫോൺകോളുകളോട് പ്രതികരിച്ചതുമില്ല. അയാളെ കാണാനില്ല എന്നു ചൂണ്ടികാട്ടി ഞാൻ പൊലീസിൽ പരാതി നൽകി. വളരെ പരിഭ്രാന്തിയോടെയാണ് ആറുമാസം ഞാൻ കഴിച്ചു കൂട്ടിയത്. ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്ത അയാൾ ഇതിനകം മറ്റൊരു സ്ത്രീയുടെ ഒപ്പം താമസമാക്കിയിരുന്നു. ഈ വിവരങ്ങൾ എന്നെ ഞെട്ടിച്ചു. ഈ സത്യങ്ങൾ ഞാൻ കണ്ടു പിടിച്ചതോടെ അയാൾ എന്നെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ചു.’’ജോലിചെയ്യുന്ന സ്ഥലത്തും അയാൾ ഉപദ്രവിച്ചെന്നും യുവതി പറയുന്നു. ‘‘എന്നോടുള്ള ക്രൂരത അവിടം കൊണ്ടും അയാൾ അവസാനിപ്പിച്ചില്ല. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ച് എനിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നു പറഞ്ഞു. അതോടെ എനിക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാവുകയും ചെയ്തു. ഇത്രയൊക്കെ ദുരിതങ്ങൾ അനുഭവിച്ചിട്ടും നിയമപരമായ ചില സങ്കീർണതകളുള്ളതുകൊണ്ട് എന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങാൻ സാധിക്കുന്നില്ല. ഞാനെന്റെ കുടുംബത്തിൽ നിന്നും പൂർണമായും അകന്നാണ് ഇപ്പോൾ ജീവിക്കുന്നത്. ഇവിടെ നിന്നു കൊണ്ട് നിയമപരവും വൈകാരികവുമായ അസ്ഥിരത എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയുന്ന ദിവസമെത്തുന്നതും കാത്താണ് ഞാൻ അതിജീവിച്ചു കൊണ്ടിരിക്കുന്നത്.’’– യുവതി പറയുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.