National

കര്‍ഷകരുടെ പരിരക്ഷയിൽ വിട്ടുവീഴ്ചയില്ല; വികസിത ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്

ന്യൂഡല്‍ഹി: ഇന്ത്യ യുഎസ് വ്യാപാര കരാറില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി കേന്ദ്രസര്‍ക്കാര്‍. കരാറില്‍ കര്‍ഷകരുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള സുപ്രധാന കരാറാണിത്. കരാര്‍ പ്രകാരം ചില മേഖലകളില്‍ അമേരിക്കയേക്കാള്‍ നേട്ടം ഇന്ത്യയ്ക്കാണെന്നും കേന്ദ്രമന്ത്രി ഗോയല്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു കേന്ദ്ര വാണിജ്യമന്ത്രിയുടെ പ്രസ്താവന.കര്‍ഷകരുടെയും പാല്‍ ഉല്‍പാദകരുടെയും താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അമേരിക്കയുമായി കരാര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദേശീയ മുന്‍ഗണനകള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നുവെന്ന് ഗോയല്‍ വ്യക്തമാക്കി. ഭക്ഷ്യ, കാര്‍ഷിക മേഖലകളിലെ ഇന്ത്യയുടെ നിലപാടുകളെല്ലാം സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. 140 കോടി ഇന്ത്യാക്കാര്‍ക്കും ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ എംഎസ്എംഇ സംരംഭകര്‍ക്കും, വിദഗ്ധ തൊഴിലാളികള്‍ക്കും, വ്യവസായത്തിനും പുതിയ അവസരങ്ങള്‍ തുറക്കും. കയറ്റുമതി, നിക്ഷേപം, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കും. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് അന്താരാഷ്ട്ര വിപണികളിലേക്കുള്ള കൂടുതല്‍ പ്രവേശനവും ശക്തമായ ആഗോള ബന്ധങ്ങളും സൃഷ്ടിക്കപ്പടുമെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.കരാര്‍ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും. 2047 ലെ വികസിത് ഭാരത് എന്ന ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്നും വാണിജ്യ മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ സഹകരണത്തെ ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. സാമ്പത്തിക ഉടമ്പടികള്‍ ദീര്‍ഘകാല വളര്‍ച്ച, നവീകരണം, ആഗോള മത്സരശേഷി എന്നിവയ്ക്ക് ഗുണകരമാകുമെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പി എം കോംപ്രമൈസ്ഡ് എന്ന ബാനറുകളുമായിട്ടായിരുന്നു പ്രതിഷേധം. ജഫ്രി എംപ്സ്റ്റീന്റെ ചിത്രവും, മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിന്റെ ചിത്രവുമാണ് പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തലതാഴ്ത്തിയിരിക്കുന്ന ചിത്രവും പ്ലക്കാര്‍ഡിലുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.