മുംബൈ∙ മുംബൈയില്‍ കേൾവി – സംസാര ശേഷികളില്ലാത്ത 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പിടിയിൽ. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പൊസിറ്റീവായതോടെയാണ് പിതാവ് അറസ്റ്റിലായത്. കേസിൽ 17 വയസ്സുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരിച്ചറിയൽ പരേഡിൽ യുവതി ഇവരെ തിരിച്ചറിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഡിഎൻഎ പരിശോധനയിൽ ഇരുവരുമല്ല കുട്ടിയുടെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് സംശയത്തിന്റെ പേരിൽ യുവതിയുടെ പിതാവടക്കം 17 പേരുടെ സാംപിളുകൾ ഡിഎൻഎ പരിശോധനക്കായി അയച്ചു. ഇതോടെയാണ് ഡിഎൻഎ ഫലം പൊസിറ്റീവായതും യുവതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതും. 2025 സെപ്റ്റംബറിലാണ് യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതോടെ മുത്തശ്ശിയോട് വിവരം ധരിപ്പിച്ചു. വൈദ്യപരിശോധനയിൽ യുവതി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പീഡന വിവരം യുവതി അറിയിച്ചതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.
സ്ത്രീക്ക് മൊഴി നൽകാൻ കഴിയാത്തതു കാരണം പ്രതികളെ കുറിച്ചുള്ള വിവരം പങ്കുവയ്ക്കാൻ ആദ്യം സാധിച്ചിരുന്നില്ല. തുടർന്ന് പൊലീസുകാർ യുവതിയുടെ പിതാവിനോട് സംസാരിച്ചുവെങ്കിലും ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നിഷേധിക്കുകയായിരുന്നു. പരാതി നൽകാനും പിതാവ് വിസമ്മതിച്ചു. എന്നാൽ, കൗൺസിലിങിന് ശേഷം യുവതി പരാതി നൽകാൻ തയാറായി. പരാതിയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പൊലീസ് രണ്ടുപേരെ ആദ്യം അറസ്റ്റ് ചെയ്തു. ഇവരുടെ ഡിഎൻഎ ഫലം തെറ്റായതോടെ പിതാവ് ഉൾപ്പെടെ സംശയമുള്ള 17 പേരുടെ രക്ത സാമ്പിളുകൾ എടുക്കുകയും പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.














