സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ നൽകിയ 71 കാരിയായ ഇന്ത്യൻ വംശജക്ക് വൻപിഴയിട്ട് അധികൃതർ. വർഷങ്ങളായി സിംഗപ്പൂരിൽ താമസിക്കുന്ന ഷൺമുഖനാഥൻ ഷംലയ്ക്കാണ് സിംഗപ്പൂർ വൈൽഡ് ലൈഫ് ആക്ട് പ്രകാരം 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,26,750 രൂപ) പിഴയിട്ടത്. ഷംല ആവർത്തിച്ച് കുറ്റം ചെയ്തതിനാണ് ഇത്രയും പിഴ നൽകിയതെന്ന് അധികൃതർ അറിയിച്ചു. ആറ് മാസത്തിനിടെ ഒമ്പത് തവണയാണ് ഇവർ പ്രാവുകൾക്ക് തീറ്റ നൽകിയത്. സിംഗപ്പൂരിലെ അനിമൽസ് ആൻഡ് ബേർഡ്‌സ് ആക്ട് പ്രകാരം പ്രാവുകളെ വളർത്തുന്നതിനോ സംരക്ഷിക്കുന്നതിനോ പ്രത്യേക ലൈസൻസ് ആവശ്യമാണ്.ഷംല മുൻപും ഇത്തരത്തിൽ പക്ഷികൾക്ക് തീറ്റ നൽകിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ ടോ പായോയിലെ തന്റെ വീടിന് സമീപം പക്ഷികൾക്ക് തീറ്റ നൽകിയതിനും നാഷണൽ പാർക്ക് ബോർഡിന്റെ പ്രാവുകളെ പിടികൂടാനുള്ള ശ്രമങ്ങൾ തടസപ്പെടുത്തിയതിനും അധികൃതർ ഇവർക്ക് 1,200 സിംഗപ്പൂർ ഡോളർ പിഴ ലഭിച്ചിരുന്നു.
കോടതിയിൽ തന്‍റെ കുറ്റം സമ്മതിച്ച ഷംല, താൻ തൊഴിൽരഹിതയാണെന്നും പിഴത്തുക കുറയ്ക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ആവർത്തിച്ച് നിയമം ലംഘിച്ചതിനാൽ പിഴത്തുകയിൽ മാറ്റം വരുത്താൻ കോടതി തയാറായില്ല. തുടർന്ന് തുക അടയ്ക്കാമെന്നും ഇനി ഇത് ആവർത്തിക്കില്ലെന്നും ഷംല കോടതിക്ക് ഉറപ്പ് നൽകി.














