കൊച്ചി ∙ കാനഡയിലെ ക്ലാസ് മുറിയിൽ ‘കാണാതായ’ പെൻസിലിന്റെ 12 സെന്റിമീറ്റർ നീളമുള്ള ഭാഗം എട്ടു വയസ്സുകാരന്റെ ഇടുപ്പിന്റെ പിൻഭാഗത്തു നിന്നു കൊച്ചിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കാൽമുട്ടു വേദനയുമായി ആശുപത്രിയിലെത്തിയ കുട്ടിയുടെ ചികിത്സയ്ക്കിടെയാണ് ആരെയും അദ്ഭുതപ്പെടുത്തുന്ന ‘ട്വിസ്റ്റ്’. കാനഡയിൽ പ്രവാസിയായ നഴ്സ് 8 വയസ്സുള്ള മകന്റെ വലതു കാൽമുട്ടു വേദനയ്ക്കു പരിഹാരം തേടിയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൽറ്റന്റ് പീഡിയാട്രിഷ്യൻ ഡോ. ജോണി വാകയിൽ ഫ്രാൻസിസിനെ സമീപിക്കുന്നത്. എംആർഐ സ്കാനിങ്ങിൽ കാൽമുട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല.കുട്ടിയുടെ ഇടുപ്പു ഭാഗത്ത്, പിന്നിലായി ചിലപ്പോൾ വേദനയുണ്ടാകുന്നതും അതിനിടയാക്കിയ സാഹചര്യവും കൺസൽറ്റേഷനിടയിൽ അമ്മ പറഞ്ഞു. 4 മാസങ്ങൾക്കു മുൻപു കാനഡയിലെ സ്കൂളിൽ കളിക്കുന്നതിനിടെ കുട്ടി തമാശയായി മറ്റൊരു കുട്ടിയുടെ മടിയിൽ കയറിയിരിക്കാൻ ശ്രമിച്ചു. അബദ്ധത്തിൽ മറ്റേ കുട്ടിയുടെ കയ്യിലുണ്ടായിരുന്ന പെൻസിലിനു മുകളിലാണു കുട്ടി കയറിയിരുന്നത്. പൊട്ടിപ്പോയ പെൻസിലിന്റെ ഒരു കഷണം മാത്രമാണ് അപ്പോൾ കിട്ടിയത്. തിരഞ്ഞു നോക്കിയെങ്കിലും മറ്റേ കഷണം കണ്ടെത്താനായില്ല. കുട്ടിയുടെ മലദ്വാരത്തിനു മുകളിലായി ചെറിയ മുറിവുണ്ടായിരുന്നെങ്കിലും മരുന്നുകളിലൂടെ അതു ഭേദമായി. സംശയം തോന്നിയ ഡോക്ടർ പെൽവിസ് എക്സ്റേയെടുക്കാൻ നിർദേശിച്ചു.
‘കാണാതായ’ പെൻസിൽ കഷണം എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരം ആ എക്സ്റേയിലുണ്ടായിരുന്നു. പെൽവിസിനുള്ളിൽ ഏകദേശം 12 സെന്റീമീറ്റർ നീളത്തിൽ അതു കിടക്കുന്നു. പെൻസിലിന്റെ മൂർച്ചയുള്ള ഭാഗമുണ്ടായിരുന്നിട്ടും ശരീരത്തിലെ പ്രധാന രക്തക്കുഴലുകൾക്കൊന്നും അതു ക്ഷതമേൽപ്പിക്കാതിരുന്നതു ഭാഗ്യമായി– ഡോ. ജോണി വാകയിൽ ഫ്രാൻസിസ് പറഞ്ഞു. അൾട്രാസൗണ്ട്, എംആർഐ പരിശോധനയിലൂടെ പെൻസിലിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തി. സീനിയർ പീഡിയാട്രിക് സർജൻ ഡോ. എം.ജി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ പെൻസിൽ പുറത്തെടുത്തു. ഇത്ര വലിയ വസ്തു 4 മാസം ശരീരത്തിനുള്ളിലിരുന്നിട്ടും മറ്റൊരു ആരോഗ്യ പ്രശ്നവുമുണ്ടായില്ലെന്നതു ഡോക്ടർമാർക്ക് അദ്ഭുതം.














