മുംബൈ ∙ മുൻ ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും മകൻ അഗസ്ത്യയ്ക്കും ആഡംബര വാഹനം സമ്മാനമായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ആഡംബര എസ്‌യുവിയായ ലാൻഡ് റോവർ ഡിഫൻഡർ ആണ് ഹാർദിക് സമ്മാനമായി നൽകിയത്. കറുത്ത നിർത്തിലുള്ള പുത്തൻ ഡിഫൻഡറിനു സമീപം നടാഷയും അഗസ്ത്യയും നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹാർദിക് പാണ്ഡ്യയുടെ പ്രവർത്തിക്ക് ആരാധകർ കയ്യടിക്കുകയും ചെയ്തു.
വാഹന നിർമാതാക്കൾ തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.‘‘ഹാർദിക് പാണ്ഡ്യ ഡിഫൻഡർ വാങ്ങാൻ വീണ്ടും നവ്‌നിത് മോട്ടോഴ്‌സിനെ തിരഞ്ഞെടുക്കുന്നു. വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം. ലാൻഡ് റോവർ ഡിഫൻഡർ മുംബൈയിലെത്തിച്ചു. അഗസ്ത്യ പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിച്ചിനും സമ്മാനിച്ചു. ’’– അവർ കുറിച്ചു. കസ്റ്റമൈസ് ചെയ്ത് മാറ്റം വരുത്തുമ്പോൾ വാഹനത്തിന്റെ വില 3 കോടി മുതൽ 4 കോടി വരെയാകാമെന്നാണ് വിവരം.
2024 ജൂലൈയിൽ ഹാർദിക്കും നടാഷയും വിവാഹം ബന്ധം വേർപിരിഞ്ഞെങ്കിലും മകൻ അഗസ്ത്യയുടെ രക്ഷാകർതൃത്വം ഇരുവരും ഒരുമിച്ചാണ് നിർവഹിക്കുന്നത്. ഇക്കാര്യത്തിൽ സമൂഹമാധ്യമത്തിൽ ഇരുവർക്കും ഏറെ പ്രശംസ ലഭിച്ചിട്ടുമുണ്ട്. 2020 മേയിലാണ് ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിച്ചും തമ്മിൽ വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. നാല് വർഷങ്ങൾക്കു ശേഷം വിവാഹമോചിതരാകുകയായിരുന്നു.
കഴിഞ്ഞവർഷമാണ് ഹാർദിക് പാണ്ഡ്യ തന്‍റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. മോഡലായ മഹിക ശർമയുമായാണ് ഹാർദിക്കിന്റെ ഡേറ്റിങ്. കഴിഞ്ഞദിവസം, മഹികയുടെ 25-ാം ജന്മദിനത്തിൽ ഹാർദിക് പങ്കുവച്ച റൊമാന്‍റിക് വിഡിയോ വൈറലായിരുന്നു. മഹികയും ഹാർദിക്കും ഒപ്പമുള്ള മനോഹര നിമിഷങ്ങളാണ് വിഡിയോയിലുണ്ടായിരുന്നത്. അതേസമയം, നടാഷ മുംബൈയിൽ തന്‍റെ കരിയറിലും ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയാണ്. താൻ വീണ്ടും പ്രണയത്തിനായി മനസ്സ് തുറന്നിരിക്കുകയാണെന്ന് നടാഷ അടുത്തിടെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.














