Latest

കുഞ്ഞിനെ വീട്ടുകാരെ കാണിച്ചില്ല, വീട് മാറിത്താമസിക്കാൻ സമ്മർദം; ഭാര്യയെ കഴുത്തറുത്ത് കൊന്നു, എല്ലാം ‘സർപ്രൈസാക്കി’ ഭര്‍ത്താവ്

ബാംഗ്ലൂരിലെ ഇൻഫോസിസ് കമ്പനിയിൽ എച്ച്ആർ ആയി ജോലി ചെയ്യുന്ന സതീഷ് ഗുപ്ത. ഡൽഹി പബ്ലിക് സ്കൂളിലെ ഗണിത അധ്യാപികയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ പ്രിയങ്ക ഗുപ്ത. വിവാഹം കഴിഞ്ഞ് 3 വർഷം. ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ബെംഗളൂരു നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. സന്തോഷകരമായ ജീവിതം നയിച്ചൊരു കുടുംബം. പക്ഷേ, ഒറ്റയടിക്ക് ആ സന്തോഷമെല്ലാം ഇല്ലാതായി. 2010 ഓഗസ്റ്റ് പത്താം തീയതി. പതിവുപോലെ പുലർച്ചെ തന്നെ സതീഷ് സുഹൃത്തിനൊപ്പം സതീഷ് ജോഗിങ്ങിന് പോയി. ഗ്രൗണ്ടിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെയാണ് സതീഷിനെ തേടി പ്രിയങ്കയുടെ ഫോണ്‍ എത്തിയത്. ‘‘മാഗസിൻ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് രണ്ടുപേർ വീട്ടിൽ വന്നിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്’’– ഇതാണ് പ്രിയങ്ക ഫോണിലൂടെ പറഞ്ഞത്. എന്നാൽ ഞാൻ അങ്ങനെയൊരു സബ്സ്ക്രിപ്ഷനൊന്നും എടുത്തിട്ടില്ലെന്നും അവരെ നീ അകത്ത് കയറ്റേണ്ടെന്നും പറഞ്ഞ് സതീഷ് പെട്ടെന്ന് ഫോൺ കട്ട് ചെയ്തു. എന്നിട്ട് ജോഗിങ് തുടരുകയും ചെയ്തു. പക്ഷേ, സതീഷിന്റെ മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായിരുന്നു. അപരിചിതരാണ് വീട്ടിൽ വന്നത്. അതും താൻ അറിയുക പോലും ചെയ്യാത്തൊരു കാര്യത്തെ പറ്റിയാണ് അവർ പറഞ്ഞത്. അതിൽ എന്തെങ്കിലും പന്തികേടുണ്ടാകുമോ? ഇനി പ്രിയങ്കയെ അവർ എന്തെങ്കിലും ചെയ്യുമോ? ആശങ്ക കൂടി വന്നപ്പോൾ ജോഗിങ് പകുതിക്ക് വച്ച് നിർത്തി സുഹൃത്തിനോട് യാത്ര പറഞ്ഞ് സതീഷ് ധൃതിയിൽ വീട്ടിലേക്ക് മടങ്ങി.വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. കോളിങ് ബെൽ അടിച്ചിട്ടും ഫോൺ വിളിച്ചിട്ടും യാതൊരു പ്രതികരണവുമില്ല. ഇത് സതീഷിൽ ആശങ്ക കൂട്ടി. പിന്നാലെയാണ് വീടിന്റെ സ്പെയർ കീ തന്റെ ഓഫിസിലാണുള്ളതെന്ന് സതീഷ് ഓർത്തത്. പെട്ടെന്ന് തന്നെ തന്റെ കാറെടുത്ത് സതീഷ് ഇൻഫോസിസിലെത്തി. അവിടെ നിന്ന് താക്കേലെടുത്ത് തിരിച്ചെത്തി വീട് തുറന്നു. പക്ഷേ, ആ കാഴ്ച കണ്ട് അയാൾ അലറിക്കരഞ്ഞു. ∙ രക്തത്തിൽ കുളിച്ച് ഭാര്യകൈകാലുകളും കണ്ണുകളും കെട്ടിയിട്ട നിലയിൽ പ്രിയങ്ക. അവൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. അവളുടെ കഴുത്ത് ക്രൂരമായി അറുത്തിട്ടുണ്ട്. അതുകണ്ട് സതീഷ് ആർത്തുകരഞ്ഞു. ആ കരച്ചിൽ കേട്ടാണ് നാട്ടുകാർ അങ്ങോട്ടേക്ക് ഓടിയെത്തിയത്. പെട്ടെന്ന് തന്നെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വേഗത്തിൽ അങ്ങോട്ടേക്കെത്തി. ആരായിരിക്കും പ്രിയങ്കയെ കൊലപ്പെടുത്തിയത്?പൊലീസ് സതീഷിനോട് വിശദമായി സംസാരിച്ചു. നടന്ന കാര്യങ്ങൾ അയാൾ പൊലീസിനോട് പറഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് വീട്ടിൽ മോഷണം നടന്നിട്ടുണ്ടെന്ന് മനസ്സിലായത്. സ്വർണാഭരണങ്ങളും വെള്ളിയും 2 ലക്ഷം രൂപയും മോഷണം പോയെന്നാണ് സതീഷ് പൊലീസിനോട് പറഞ്ഞത്. അതോടെ പൊലീസ് അത് ഉറപ്പിച്ചു. കൊലപാതകം നടന്നത് മോഷണത്തിനിടെ. പിന്നാലെ പ്രതിയ്ക്കായി അന്വേഷണവും തുടങ്ങി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലൊന്നും മോഷണം എന്നല്ലാതെ മറ്റൊരു സംശയവും പൊലീസിനുണ്ടായിരുന്നില്ല. പക്ഷേ, പോകെപ്പോകെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ചില സംശയങ്ങൾ തോന്നിത്തുടങ്ങി. പ്രിയങ്കയുടേയും സതീഷിന്റേയും വീട് രണ്ടാം നിലയിലാണ്. എന്നാൽ കൊലപാതകം നടന്ന സമയത്ത് അവിടേയ്ക്ക് അപരിചിതരായ ആരും വരുന്നത് താഴെയുള്ള അയൽ‍ക്കാരൊന്നും കണ്ടിട്ടില്ല. പിന്നെ ആരായിരിക്കും മാഗസിൻ സബ്സ്ക്രിപ്ഷൻ എന്ന് പറഞ്ഞ് വീട്ടിലെത്തിയത്? അങ്ങനെ രണ്ടുപേർ വന്നിട്ടില്ലെങ്കിൽ പിന്നെന്തിനാണ് പ്രിയങ്ക അതും പറഞ്ഞ് സതീഷിനെ വിളിച്ചത്. പിന്നാലെ പൊലീസ് കേസ് വിശദമായി അന്വേഷിക്കാൻ തുടങ്ങി. അപ്പോഴാണ് മറ്റൊരു കാര്യം ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. കൈകാലുകളും കണ്ണുകളും കെട്ടിയ നിലയിലാണ് പ്രിയങ്കയെ കണ്ടെത്തിയത്. എന്നാൽ കൈകാലുകൾ കെട്ടിയിട്ട രീതി കണ്ടാൽ ആരും ബലം പ്രയോഗിച്ച് ചെയ്തതു പോലെ തോന്നില്ല. അവൾ അതിന് സമ്മതിച്ചതുപോലെയാണ് തോന്നുക. യാതൊരുവിധ പ്രതിരോധവും അവിടെ നടന്നിട്ടുമില്ല. അപരിചിതരായ കൊലപാതകികളാണെങ്കിൽ എന്തുകൊണ്ട് പ്രിയങ്ക സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചില്ല? ഇതോടെ കൊലപാതകത്തിന് പിന്നിൽ പ്രിയങ്കയ്ക്ക് അറിയാവുന്ന ആരോ ആണെന്ന് പൊലീസിന് വ്യക്തമായി. ∙ തെളിവുകൾ അയാളിലേക്ക്, പിടിയിലായികഴുത്ത് അറുക്കുന്നതിന് മുൻപ് നൈലോൺ കയർ ഉപയോഗിച്ച് പ്രിയങ്കയെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായി കണ്ടെത്തി. കൂടാതെ പ്രിയങ്ക സതീഷിനെ ഫോൺ വിളിച്ച സമയത്തെ ടവർ ലൊക്കേഷൻ സതീഷ് ജോഗിങ് ചെയ്തിരുന്ന അതേ ഗ്രൗണ്ടിന് അടുത്തായിരുന്നു എന്നും പൊലീസ് കണ്ടെത്തി. ഇതോടെ പൊലീസിന് ചില സംശയങ്ങൾ വന്നു. അങ്ങനെ പൊലീസ് സതീഷിനെ കസ്റ്റഡ‍ിയിലെടുത്തു. ‍തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ സതീഷ് കുഴങ്ങിപ്പോയി. അങ്ങനെ സതീഷ് അത് വെളിപ്പെടുത്തി. ഭാര്യയെ കൊന്നത് ഞാനാണ്. തന്റെ അച്ഛനമ്മമാരോടുള്ള പ്രിയങ്കയുടെ പെരുമാറ്റമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും അയാൾ പൊലീസിനോോട് പറഞ്ഞു. പ്രിയങ്കയും തന്റെ മാതാപിതാക്കളും തമ്മിൽ എപ്പോഴും വഴക്കായിരുന്നു. കുഞ്ഞിനെ തൊടാൻ പോലും അവരെ അവൾ അനുവദിച്ചിരുന്നില്ലെന്നും സതീഷ് പൊലീസിനോട് പറഞ്ഞു. വീട് മാറിത്താമസിക്കാൻ സതീഷിന് മേൽ സമ്മർദം ചെലുത്തിയതും പുതിയ വീടിന്റെ പൂജയ്ക്ക് മാതാപിതാക്കളെ വരാൻ അനുവദിക്കാതിരുന്നതും സതീഷിന്റെ ഉള്ളിലെ ദേഷ്യം വർധിപ്പിച്ചു. പിന്നാലെയാണ് ഭാര്യയെ കൊലപ്പെടുത്താൻ സതീഷ് പദ്ധതി തയാറാക്കിയത്. ഭാര്യയെ കൊല്ലാനായി സതീഷ് കണ്ടെത്തിയ പ്ലാൻ അതിവിചിത്രമായിരുന്നു. സർപ്രൈസ് ഗിഫ്റ്റുകൾ നൽകാനാണെന്ന് പറഞ്ഞ് മുൻപും സതീഷ് ഭാര്യയുടെ കണ്ണും കൈകാലുകളും കെട്ടിയിട്ടിരുന്നു. അന്ന് രാവിലെയും ഗിഫ്റ്റ് തരാനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സതീഷ് പ്രിയങ്കയുടെ കണ്ണും കൈകാലുകളും കെട്ടിയിട്ടത്. എന്നാൽ സർപ്രൈസും പ്രതീക്ഷിച്ചു നിന്ന പ്രിയങ്കയുടെ കഴുത്ത് സതീഷ് നൈലോൺ കയർ കൊണ്ട് മുറുക്കി. ശേഷം കയ്യിൽ കരുതിയ കത്തി വച്ച് അവളുടെ കഴുത്ത് അറുത്തു. പ്രിയങ്ക കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച ശേഷം മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് സതീഷ് നടത്തിയത്. അതിനായി ആഭരണങ്ങളും പണവും മാറ്റിവെച്ചു.താനാണ് കൊലപാതകി എന്ന് തോന്നാതിരിക്കാനായി പതിവായി ചെയ്യുന്ന എല്ലാ കാര്യങ്ങളും സതീഷ് ചെയ്തു. പ്രിയങ്കയുടെ ഫോണും കയ്യിൽ കരുതിയാണ് സതീഷ് വീട്ടിൽ നിന്ന് ജോഗിങ്ങിന് ഇറങ്ങിയത്. വ്യായാമത്തിനിടെ പ്രിയങ്ക തന്നെ വിളിച്ച് സംസാരിക്കുന്നതു പോലെ അഭിനയിച്ച് സതീഷ് മൊബൈലിൽ സംസാരിച്ചു. പിന്നാലെയാണ് അയാൾ വീട്ടിലെത്തിയതും ഭാര്യയുടെ മൃതദേഹം കണ്ട് ഞെട്ടുന്നതുപോലെ അഭിനയിച്ച് കരഞ്ഞ് നാട്ടുകാരെ വിളിച്ച് കൂട്ടിയതും. സതീഷിന്റെ മാതാപിതാക്കളോട് പ്രിയങ്കയ്ക്ക് ദേഷ്യമായിരുന്നു എന്ന ആരോപണത്തെ പക്ഷേ, പ്രിയങ്കയുടെ വീട്ടുകാർ നിഷേധിച്ചു. സതീഷിന്റെ വീട്ടുകാർ പ്രിയങ്കയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുഞ്ഞിനെ വേണ്ട രീതിയിൽ നോക്കിയിരുന്നില്ലെന്നുമാണ് അവർ പറഞ്ഞത്. ഏഴ് വർഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസിൽ ശിക്ഷ വിധിച്ചത്. 2017-ൽ സതീഷ് ഗുപ്തയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.