മദീന ∙ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്ന കേസിൽ ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക തൊഴിലാളിയെ മദീന പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
മദീനയിലെ അസീസിയ ഡിസ്ട്രിക്ടിലാണ് നാടിനെ നടുക്കിയ സംഭവം. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു ക്രൂരകൃത്യം. തിരികെ എത്തിയ രക്ഷിതാക്കളാണ് രക്തത്തിൽ കുളിച്ച് ചലനമറ്റ കുഞ്ഞിനെയും പരുക്കേറ്റ നിലയിൽ ഗാർഹിക തൊഴിലാളിയെയും കണ്ടെത്തിയത്.
കുഞ്ഞ് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. യുവതിയെ പൊലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില മെച്ചപ്പെട്ടാലുടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് മദീന പൊലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ പശ്ചാത്തലവും മാനസികാരോഗ്യവും പരിശോധിക്കണമെന്ന് പൊലീസ് വീണ്ടും ഓർമിപ്പിച്ചു.














