വാഷിങ്ടൺ: അമിതമായ അളവിൽ മാരക മയക്കുമരുന്ന് നൽകി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുഎസിലെ എഴുത്തുകാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. യൂട്ടാ സ്വദേശിയായ യുവ എഴുത്തുകാരി കോറി റിച്ചിൻസി(35)നെയാണ് യുഎസിലെ കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. 2022 മാർച്ച് നാലിനാണ് ഭർത്താവായ എറിക് റിച്ചിൻസിനെ കോറി റിച്ചിൻസ് കൊലപ്പെടുത്തിയത്. കോക്ക്‌ടെയിലിൽ അമിതമായ അളവിൽ മയക്കുമരുന്ന് കലർത്തിനൽകിയായിരുന്നു കൊലപാതകം.
13 ദിവസത്തോളം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. കൊലപാതകം, കൊലപാതകശ്രമം, ഇൻഷുറൻസ് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരേ തെളിഞ്ഞു. മയക്കുമരുന്ന് നൽകിയ വിതരണക്കാരൻ ഉൾപ്പെടെ 40-ഓളം സാക്ഷികളെയും കേസിൽ വിസ്തരിച്ചിരുന്നു.ഭർത്താവിന്റെ പേരിലുള്ള നാലുമില്യൺ ഡോളർ (ഏകദേശം 37 കോടി രൂപ) വിലവരുന്ന എസ്റ്റേറ്റ് കൈക്കലാക്കാനും രഹസ്യബന്ധമുണ്ടായിരുന്ന കാമുകനൊപ്പം ജീവിക്കാനുമാണ് കോറി റിച്ചിൻസ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. സംഭവസമയത്ത് റിച്ചിൻസിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു. ഇത് തീർക്കാനായാണ് ഭർത്താവിനെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കാനും ഭർത്താവിന്റെ പേരിലെടുത്ത ഇൻഷുറൻസ് തുക സ്വന്തമാക്കാനും പ്രതി ലക്ഷ്യമിട്ടത്. കോക്‌ടെയിലിൽ മയക്കുമരുന്ന് കലർത്തി കൊലപ്പെടുത്തുന്നതിന് മുൻപ് സാൻഡ്‌വിച്ചിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു.2022 മാർച്ചിലാണ് ഭർത്താവ് എറിക് റിച്ചിൻസിനെ കോറി റിച്ചിൻസ് കൊലപ്പെടുത്തിയത്. അമിതമായ അളവിൽ മയക്കുമരുന്ന് നൽകിയാണ് യുവതി ഭർത്താവിന്റെ ജീവനെടുത്തത്. തുടർന്ന് സ്വാഭാവിക മരണമായി ചിത്രീകരിക്കുകയും ചെയ്തു. ഭർത്താവിന് വോഡ്ക നൽകിയശേഷം താൻ ഉറങ്ങാൻ പോയെന്നും പിന്നീട് തിരികെവന്നപ്പോൾ ഭർത്താവിന് അനക്കമില്ലെന്നുമായിരുന്നു കോറി റിച്ചിൻസ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. ഭർത്താവിന്റെ മരണശേഷം കോറി റിച്ചിൻസ് കുട്ടികൾക്കായി ഒരു പുസ്തകവും രചിച്ചു. ഭർത്താവിന്റെ വിയോഗത്തിലുള്ള ദുഃഖം പ്രകടമാക്കുന്നതായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. ഉറ്റവരെ നഷ്ടപ്പെട്ടാൽ അതിനെ തരണംചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കാൻ വേണ്ടിയാണ് പുസ്തകം രചിച്ചതെന്നും ഇത് തന്റെ ജീവിതത്തിലെ അനുഭവമാണെന്നും കോറി റിച്ചിൻസ് പറഞ്ഞിരുന്നു. ‘ആർ യു വിത്ത് മീ?’ എന്ന പേരിലിറക്കിയ പുസ്തകം ഭർത്താവിന് വേണ്ടിയാണ് കോറി സമർപ്പിച്ചിരുന്നത്. എറിക് റിച്ചിൻസ് മികച്ച ഒരു അച്ഛനായിരുന്നുവെന്നും പുസ്തകത്തിൽ ഇവർ എഴുതിയിരുന്നു.
എറിക്കിന്റെ മരണത്തിന് കാരണം അമിതമായ അളവിൽ മയക്കുമരുന്ന് അകത്തുചെന്നതാണെന്ന് പിന്നീടുള്ള മൃതദേഹപരിശോധനയിലാണ് കണ്ടെത്തിയത്. ഇതിനുപിന്നാലെ പോലീസ് അന്വേഷണം നടത്തിയപ്പോൾ കോറി റിച്ചിൻസ് വൻതോതിൽ മയക്കുമരുന്ന് വാങ്ങിക്കൂട്ടിയതിന്റെ തെളിവുകളും ലഭിച്ചു. 2022 ഫെബ്രുവരിയിലെ പ്രണയദിനത്തിലും കോറി റിച്ചിൻസ് ഭർത്താവിന് ഈ മയക്കുമരുന്നുകൾ അമിതമായ അളവിൽ നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മയക്കുമരുന്ന് വാങ്ങി മൂന്നുദിവസത്തിന് പിന്നാലെവന്ന പ്രണയദിനത്തിൽ ഇരുവരും ഒരുമിച്ചാണ് അത്താഴം കഴിച്ചത്. ഇതിനുശേഷം എറിക് റിച്ചിൻസിന് ആരോഗ്യപ്രശ്നങ്ങളുണ്ടായി. മാത്രമല്ല, ഈ സംഭവത്തിന് ശേഷം ഭാര്യ തനിക്ക് വിഷം നൽകിയതായി കരുതുന്നുവെന്ന് എറിക് സുഹൃത്തിനോട് പറഞ്ഞിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഭർത്താവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ കോറി റിച്ചൻസ് ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും കേസിൽ നിർണായക തെളിവുകളായി. അമേരിക്കയിൽ ധനികർക്കായുള്ള ആഡംബര ജയിലുകൾ, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ ക്ലെയിം ലഭിക്കാൻ എത്രകാലമെടുക്കും, നുണപരിശോധനയ്ക്ക് പോലീസിന് നിർബന്ധിക്കാനാകുമോ തുടങ്ങിയ കാര്യങ്ങളാണ് കോറി റിച്ചിൻസ് ഇന്റർനെറ്റിൽ തിരഞ്ഞത്. മയക്കുമരുന്നിന്റെ മാരകമായ അളവ് എത്രയാണ്, മരണസർട്ടിഫിക്കറ്റിൽ മരണകാരണം മാറ്റാൻ കഴിയുമോ, ഐഫോണിലെ വിവരങ്ങൾ എന്നന്നേക്കുമായി എങ്ങനെ ഒഴിവാക്കാം തുടങ്ങിയകാര്യങ്ങളും പ്രതി തിരഞ്ഞിരുന്നു. ഇതിനുപുറമേ ഇൻഷുറൻസ്, ഫെഡറൽ അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട ചില ലേഖനങ്ങളും ഇന്റർനെറ്റിൽ വായിച്ചു. ഫെഡറൽ അന്വേഷണത്തിന്റെ കീഴിലാണെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങൾ എന്തെല്ലാം, മരണത്തിന് ശേഷം ഇൻഷുറൻസ് ക്ലെയിം വൈകുന്നത് എന്തുകൊണ്ട് തുടങ്ങിയ വിഷയങ്ങൾ വിശദീകരിക്കുന്ന ലേഖനങ്ങളാണ് പ്രതി വായിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.














