ഇക്കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാർ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിലെത്തിയാണ് കുടുംബം പ്രധാനമന്ത്രിയെ കണ്ടത്. പിന്നാലെ കൃഷ്ണകുമാർ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്ണ, മകളും നടിയുമായ അഹാന കൃഷ്ണ, മറ്റുമക്കളായ ഹൻസിക, ദിയ കൃഷ്ണ, ഇഷാനി എന്നിവരും ദിയയുടെ ഭർത്താവ് അശ്വിനും കുഞ്ഞ് ഓമിയുമുണ്ടായിരുന്നു. എല്ലാവരും പ്രധാനമന്ത്രിക്കൊപ്പം പ്രത്യേകം ചിത്രങ്ങളുമെടുത്തു.പ്രധാനമന്ത്രിയെ സന്ദർശിച്ചതിനെക്കുറിച്ചും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിച്ചതിനെക്കുറിച്ചും അഹാന, ഇഷാനി, ദിയ, അശ്വിൻ, ഹൻസിക എന്നിവർ പ്രത്യേകകുറിപ്പുകളും പോസ്റ്റ് ചെയ്തു. അതിനൊപ്പം പ്രധാനമന്ത്രിയുടെ കൂടെയുള്ള ചിത്രങ്ങളുമുണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്തു.അതിനുപിന്നാലെ ഇപ്പോൾ പ്രധാനമന്ത്രിയും തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുഞ്ഞ് ഓമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ‘ഇന്നലെ 7 ലോക് കല്യാൺ മാർഗിലെത്തിയ ഒരു യുവസുഹൃത്തിനൊപ്പം’ (With a young friend who came to 7, Lok Kalyan Marg Yesterday) എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. അതോടെ ചിത്രത്തിന് കമന്റുകളുമായി മലയാളികളുമെത്തി. 100 മില്യൺ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനുള്ളത്.














