കോവളം: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ വീണ്ടും മോഷണം നടത്തി പിടിയിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെ(46) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. ജയിലിലേക്ക് തിരിച്ചുപോകാനുളള ആഗ്രഹത്തെ തുടർന്നാണ് വീണ്ടും മോഷണം നടത്തിയതെന്നാണ് ഇയാൾ പറയുന്നത്.
‘ജയിലിൽ താമസവും നല്ല ഭക്ഷണവും ഒപ്പം മികച്ച ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയത്’പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. വിഴിഞ്ഞം , കോവളം മേഖലയടക്കം 21 ലധികം വലതും ചെറുതുമായ മോഷണങ്ങളാണ് ദിലിപ് ഖാൻ നടത്തിയിട്ടുളളതെന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി കോവളം എസ്.എച്ച്.ഒ. ജെ.പി. അരുൺകുമാർ പറഞ്ഞു.ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസസ്ഥയിലുളള സൂപ്പർമാർക്കറ്റിലെ മേശയിൽ സൂക്ഷിച്ചിരുന്ന 40000 രൂപയും കടയിൽ സൂക്ഷിച്ചിരുന്ന ഡി.വി.ആർ കുത്തിപ്പൊളിച്ച് 5000 രൂപ വിലയുളള മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കോവളത്തെ ടർട്ടിൽ ഹോട്ടലിന് സമീപം ഷാനവാസിന്റെ കോഴിക്കടയിലെ മേശയിലുണ്ടായിരുന്ന 4000 രൂപ, 8000 രൂപ വിലയുളള മൊബൈൽ ഫോണും മോഷ്ടിച്ചു. രണ്ട് കടകളിലും മോഷണം നടത്തിയ പ്രതിയെ പോലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. എസ്.ഐ.മാരായ സാജു, നൗഷാദ്, സി.പി.ഒ,മാരായ സെൽവൻ, അഭിലാഷ്,രാജേഷ് ബാബു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.














