കണ്ണൂർ ∙ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസറായ ചെറുവാഞ്ചേരി സ്വദേശി യു.പി. അർജുന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലാണ് കോളയാട് മെട്ടയിലെ രാഹുൽ (31), മുഴക്കുന്ന് പാലാപ്പള്ളി സ്വദേശി പി. ജിതിൻ (30) എന്നിവരെ കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്തത്.ഒരാഴ്ചത്തെ ആസൂത്രണത്തിന് ഒടുവിലാണ് മുഖംമൂടി ധരിച്ച്, നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ എത്തിയ പ്രതികൾ വീടിനു നേരെ ബോംബ് എറിഞ്ഞതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വധശ്രമത്തിനാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയാണ് ജിതിൻ. വധശ്രമം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയാണ് രാഹുലും.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ചെറുവാഞ്ചേരി പൂവത്തൂരിലെ വീടിന് നേരെ ബോംബേറുണ്ടായത്. ഉഗ്ര ശേഷിയുള്ള ബോംബ് വീടിന്റെ വരാന്തയിലാണ് പതിച്ചത്. സംഭവ സമയം അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നെങ്കിൽ വീട് തകർന്നേനെ. അത്രയും വലിപ്പമുള്ള ബോംബായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാലപ്പഴക്കമാവാം പൊട്ടാതിരിക്കാൻ കാരണമെന്ന് സംശയിച്ചു. എന്നാൽ ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.














